ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കിട്ടി തുടങ്ങി; അടച്ചുപൂട്ടിയ സൗദി കമ്പനിയിലെ മലയാളികൾക്ക് ആശ്വാസം

സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി തൊഴിലാളികളുള്‍പ്പെടെയുള്ള പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുണ്ടായത്.

അഞ്ച് ലക്ഷം റിയാല്‍ വരെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പണം നല്‍കി വരുന്നത്. 38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഓജര്‍ 2016 ലാണ് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. പത്ത് മാസത്തെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരായ പതിനായിരത്തിലേറെ ഇന്ത്യക്കാരില്‍ 3500ഓളം പേര്‍ മലയാളികളായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിധിയെ തുടര്‍ന്ന് കമ്പനിയുടെ ആസ്തികളും മറ്റും വിറ്റ് സ്വരൂപിച്ച തുക വിതരണത്തിനായി മാനവശേഷി വികസന വകുപ്പ് അല്‍ഇന്‍മ ബാങ്കിന് കൈമാറുകയായിരുന്നു. നിലവില്‍ സൗദിയിലുള്ളവര്‍ ഇഖാമയുമായി ബാങ്കില്‍ നേരിട്ടെത്തി ഐബാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യവും ചേര്‍ത്ത് പലര്‍ക്കും വലിയ തുകയാണ് ലഭിച്ചത്.

ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങിയവര്‍ക്കും ഇതിനകം മരിച്ചവരുടെ ആശ്രിതര്‍ക്കും പണം എങ്ങനെ ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ തുക ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളടക്കമുള്ള തൊഴിലാളികള്‍. പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൗദിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നവരുടെ ആനുകൂല്യം ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ മുഖേന അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നാണ് അന്നത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്.

സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജർ 39 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം സൗദിയിലെ എല്ലാ നഗരങ്ങളിലെയും സൗദി ഓജർ ശാഖകൾ   പൂർണമായും അടച്ചു പൂട്ടുകയായിരുന്നു. അടച്ച് പൂട്ടുന്നതിൻ്റെ നാല് വർഷം മുമ്പ് കമ്പനി തകർച്ചയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. 2013 ലാണ് കമ്പനി യഥാർഥത്തിൽ പ്രതിസന്ധിയിൽ അകപ്പെട്ടത്.

 

 

കോടീശ്വരനും ലബനൻ പ്രധാനമന്ത്രിയുമായിരുന്ന സാദ് അൽ ഹരീരിയായിരുന്നു കമ്പനിയുടെ ഉടമ . 38 വർഷക്കാലം സൗദിയിലെ മുൻ നിര നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു സൗദി ഓജർ. കമ്പനി.  മാനേജ്‌മെന്റ് രംഗത്തുണ്ടായ വീഴ്ചകളും മേലധികാരികളുടെ കാര്യക്ഷമതാ കുറവും കമ്പനിയെ പതനത്തിലേക്ക് നയിച്ചു.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം,റാബിഗിലെ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല, മക്കയിലെ ലെ-മെറീഡിയൻ ടവർ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനം,  റിയാദിലെ കിങ് അബ്ദുൽ അസീസ് ഫ്‌ളൈ ഓവർ , റിയാദിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി, റിയാദിലെ ശൂറാ കൗൺസിൽ ആസ്ഥാനം, ജിദ്ദയിലെയും റിയാദിലെയും മദീനയിലെയും റോയൽ കോർട്ടുകൾ, റിറ്റ്‌സ് കാൾട്ടൻഹോട്ടൽ അടക്കമുള്ള  വിവിധ നഗരങ്ങളിലെ ആഢംബര ഹോട്ടലുകൾ, കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്റർ, റിയാദ് കോടതി സമുച്ചയം, കിങ്  അബ്ദുൽ അസീസ് ഹിസ്റ്റോറിക് സെന്റർ, അൽഹസ കിങ്  അബ്ദുല്ല മിലിട്ടറി സിറ്റി, അൽഖർജ് പ്രിൻസ് സുൽത്താൻ വ്യോമതാവളം, തബൂക്കിലെയും മറ്റും സൈനിക കേന്ദ്രങ്ങൾ, റിയാദിലെ കിങ്‌ഡം സ്‌കൂൾ,  റിയാദ് പ്രിൻസസ് നൂറ സർവകലാശാല, ജിദ്ദ കിങ്  അബ്ദുല്ല റോഡ്, റിയാദ് കിങ്  അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ, റിയാദ് മെട്രോ പാതകൾ, മദീന കിങ്  ഫഹദ് ഖുർആൻ അച്ചടിശാല തുടങ്ങി സൗദിയിൽ സൗദി ഓജർ നടപ്പാക്കിയ വൻ പദ്ധതികൾക്ക് കണക്കില്ല.

1978 ലാണ് റിയാദ് ആസ്ഥാനമാക്കി ഒരു നിർമ്മാണ കമ്പനിയെന്ന നിലയിൽ സാദ് ഹരീരിയുടെ പിതാവായ മുൻ ലബനൻ പ്രധാനമന്ത്രിയും കോടീശ്വരനുമായ റഫീഖ് അൽ ഹരീരി സൗദി ഓജർ കമ്പനി സ്ഥാപിക്കന്നത് . 1965 ൽ ജോലിക്കായി സൗദിയിലെത്തിയ റഫീഖ് അൽ ഹരീരി, 1969 ൽ ഒരു ചെറിയ സബ് കോൺട്രാക്റ്റിംഗ് സ്ഥാപനം ആരംഭിച്ചാണ് നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ഫ്രാൻസിലെ നിർമാണ കമ്പനിയായിരുന്ന ഓജറുമായി ചേർന്ന് തായിഫിലെ ഒരു ഹോട്ടൽ നിർമ്മാണം പൂർത്തിയായാക്കി. കരാർ സമയത്തിന് മുന്നേ തന്നെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതോടെ റഫീഖ് അൽ ഹരീരിയുടെ ഭാഗ്യം തെളിയുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!