ലിയോയിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാൻ സാധിച്ചില്ലെന്ന് മൻസൂർ അലി ഖാൻ; രൂക്ഷ പ്രതികരണവുമായി നടി
നടൻ മൻസൂർ അലി ഖാൻ തനിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. ‘‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയിൽപെട്ടു. ശക്തമായി അപലപിക്കുന്നു. മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഇനിയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു’’– അവർ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
— Trish (@trishtrashers) November 18, 2023
മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിന്റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു. തൃഷയെ പിന്തുണച്ച് ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തി. ‘‘മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു’’– അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
അടുത്തിടെ ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ലോകേഷ് കനകരാജിന്റെ ലിയോ ചിത്രത്തിൽ തൃഷയും മൻസൂറും വേഷമിട്ടിരുന്നു. ചിത്രത്തിൽ തൃഷ മൻസൂറിനൊപ്പം സ്‌ക്രീൻ പങ്കിട്ടിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു മൻസൂറിന്റെ പരാമർശം. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം.
‘‘തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല’’– മൻസൂർ പറഞ്ഞു. പരാമർശത്തിന്റെ വിഡിയോ വൈറലായതിനു പിന്നാലെ മൻസൂറിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക