കേരളത്തില്‍ നിന്നും പുതിയ റിക്രൂട്ട്മെൻ്റിന് വഴിയൊരുങ്ങുന്നു

ന്യൂഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയിലെ സാമൂഹിക-തൊഴിൽ കാര്യങ്ങള്‍ക്കുളള കൗണ്‍സിൽ മൈക്ക് ജെയ്ഗർ തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയുമായും റിക്രൂട്ട്മെന്റ് പ്രതിനിധികളുമായും മൈക്ക് ജെയ്ഗർ ചര്‍ച്ച നടത്തി.

ആരോഗ്യമേഖലയ്ക്കു പുറമേ കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള പുതിയ റിക്രൂട്ട്മെന്റ് സാധ്യതകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. കേരളത്തില്‍ നിന്നുളള നഴ്സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി വിപൂലീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയില്‍ വിലയിരുത്തി.

കൂടുതല്‍ തൊഴില്‍ മേഖലകളെ ഉള്‍പ്പെടുത്തി ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് സമാനമായി കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റുകള്‍ സാധ്യമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ പുരോഗതി ചര്‍ച്ചയില്‍ വിലയിരുത്തി. ഐ.ടി പ്രൊഫഷണലുകള്‍ക്കും, ഹോസ്പിറ്റാലിറ്റി മേഖലയിലേയ്ക്കുമുളള റിക്രൂട്ട്മെന്റ് സാധ്യതകള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു.

ഇക്കാര്യത്തില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. സുമന്‍ ബില്ല ജര്‍മ്മനിയിലെ ഇന്ത്യന്‍ അംബാസി‍ഡര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഇക്കാര്യം ജര്‍മ്മന്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും റിക്രൂട്ട്മെന്റുകള്‍ വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കാമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

നേരത്തേ തിരുവനന്തപുരം തൈക്കാടുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് സന്ദര്‍ശിച്ച മൈക്ക് ജെയ്ഗർ ജര്‍മ്മന്‍ ഭാഷാപരിശീലന ക്ലാസ്സുകള്‍ നേരിട്ട് വിലയിരുത്തി. എന്‍.ഐ.എഫ്.എല്ലിലെ വിദ്യാര്‍ത്ഥികളുമായും മൈക്ക് ജെയ്ഗറുടെ നേതൃത്വത്തിലുളള ജര്‍മ്മന്‍ സംഘം സംവദിച്ചു. നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ നിന്നും മാനേജര്‍ ശ്യാം.ടി.കെ അസി.മാനേജര്‍ രതീഷ്.ജി.ആര്‍ എന്നിവരും സംബന്ധിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!