സൈനബ കൊലക്കേസ്: ആസൂത്രണം ചെയ്തത് തിരൂരിലെ സ്വകാര്യ ലോഡ്ജിൽ വെച്ച്, പ്രതി സമദുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട് വെള്ളിപറമ്പിലെ സൈനബ (57) യുടെ കൊലപാതകത്തിൽ ഒന്നാം പ്രതി താനൂർ സ്വദേശി സമദു (52) മായി പൊലീസ് തിരൂരിൽ തെളിവെടുപ്പ് നടത്തി. തിരൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഈ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. സൈനബ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സമദും കൂട്ടുപ്രതി ഗൂഡല്ലൂർ സ്വദേശി സുലൈമാനും ഈ ലോഡ്ജിൽ തങ്ങിയിരുന്നു. ഇവിടെ നിന്നാണ് ഇവർ കൊലപാതകം നടത്തിയ ദിവസം കോഴിക്കോടേക്ക് പോയത്. കേസിൽ സമദിനൊപ്പം സുലൈമാനും പൊലീസ് കസ്റ്റഡിയിലുണ്ട്.

കോഴിക്കോട് നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ സൈനബയെ കൊന്നു നിലമ്പൂർ നാടുകാണി ചുരത്തിൽ തള്ളുകയായിരുന്നു പ്രതിയും കൂട്ടാളിയും. നിലമ്പൂർ നാടുകാണി ചുരത്തിൽ നിന്ന് മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. ഏഴാം തിയ്യതിയാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് മുഹമ്മദലി പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

സൈനബയെ ഫോണിൽ വിളിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസിൽ പിടിയിലായ സമദ് പൊലീസിന് മൊഴി നൽകിയത്. സൈനബയുടെ കൈവശമുള്ള സ്വർണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞു. കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവർ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ശേഷം ഗൂഡല്ലൂരിൽ പോയെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കവർച്ചയാണ് ലക്ഷ്യമെന്നാണ് പ്രതി പറയുന്നതെങ്കിലും പൊലീസ് മറ്റു കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

അതേസമയം, നവംബർ ഏഴാം തീയതി മുതൽ ഭാര്യയെ കാണാനില്ലായിരുന്നുവെന്നും പേരകുട്ടിയുടെ വിവാഹത്തിനുള്ള പണവും സ്വർണവും കൈവശം ഉണ്ടായിരുന്നതായും സൈനബയുടെ ഭർത്താവ് മുഹമ്മദലി പറഞ്ഞു. 17 പവൻ സ്വർണം ധരിച്ചിരുന്നതായും മൂന്നര ലക്ഷത്തോളം രൂപ കൈവശം സൂക്ഷിച്ചിരുന്നതായുമാണ് ഭർത്താവ് മുഹമ്മദലി പറയുന്നത്.

പ്രതി സമദും സൈനബയും വർഷങ്ങളായി പരിചയക്കാരെന്നാണ് പ്രഥമ വിവര റിപ്പോർട്ട്. സൈനബയെ വർഷങ്ങളായി പരിചയമുണ്ടെന്ന് സമദ് പൊലീസിനു മൊഴി നൽകി. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനും സൈനബയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. വീട്ടിൽവച്ച് ശാരീരികബന്ധത്തിലേർപ്പെടുകയായിരുന്നു ലക്ഷ്യമെങ്കിലും അവിടെ ഭാര്യയും മകളുമുണ്ടായിരുന്നതിനാൽ നടന്നില്ല. തുടർന്ന് മുക്കത്തിനു സമീപമെത്തിയപ്പോൾ സുലൈമാന്റെ സഹായത്തോടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും പണവും കവർന്നെന്നാണ് സമദിന്റെ മൊഴി.

 

സംഭവത്തെ കുറിച്ച് പ്രതിയുടെ വിശദീകരണം

“സൈനബയെ വർഷങ്ങളായി പരിചയമുണ്ടെന്നും മുൻപ് പലതവണ പണം നൽകി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതി സമദ് മൊഴിനൽകി. അടുത്ത ദിവസം രാവിലെ പത്തു മണിയോടെ സുലൈമാൻ താനൂർ കുന്നുംപുറത്തുള്ള എന്റെ വീട്ടിൽ വന്നു. അവിടെനിന്ന് ഒരു പരിചയക്കാരന്റെ കാർ വാടകയ്ക്കെടുത്ത് ഞങ്ങൾ കൂടി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് അടുത്തെത്തി. പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവർ ബ്രിജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറിൽ കയറ്റി. താനൂരിൽ സുഖമില്ലാതെ വീട്ടിൽ കിടക്കുന്ന ഒരാളുടെ കൂടെ ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരുമെന്നും പറഞ്ഞായിരുന്നു സൈനബയെ കാറിൽ കയറ്റിയത്”- പ്രതി സമദ് പറഞ്ഞു

“സുലൈമാനാണ് കാർ ഓടിച്ചിരുന്നത്. ഞാൻ പിന്നിലെ സീറ്റിലാണ് ഇരുന്നത്. സൈനബ എന്റെ ഇടതുഭാഗത്ത് പിൻസീറ്റിൽ കയറി. തുടർന്ന് ഞങ്ങൾ കാറിൽ എന്റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. പക്ഷേ വീട്ടിൽ ആളുണ്ടായിരുന്നതിനാൽ കോഴിക്കോട്ടേക്ക് തിരിച്ച് പോകാമെന്ന് സൈനബയോട് പറഞ്ഞു. കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. 

ഞാൻ കാറിൽ സൈനബയുടെ ഇടതു വശത്തായി കയറി പിന്നിലെ സീറ്റിലിരുന്നു. കാറോടിച്ച് അരീക്കോടു വഴി വരുമ്പോൾ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുൻപ് സൈനബ ധരിച്ചിരുന്ന ഷാൾ ഞാൻ കഴുത്തിൽ മുറുക്കി. ഷാളിന്റെ ഒരറ്റം ഇടതുകൈകൊണ്ട് ഡ്രൈവ് ചെയ്തുകൊണ്ടുതന്നെ സുലൈമാൻ പിടിച്ചുവലിച്ചു. സൈനബ എന്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു. ശ്വാസം നിലച്ചതായി മനസ്സിലായതിനാൽ സുലൈമാൻ കാർ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ചോഫ് ചെയ്ത ശേഷം സ്വർണ വളകളും കമ്മലുകളും വലിച്ചെടുത്ത് പോക്കറ്റിലിട്ടു” – പ്രതി വിശദീകരിച്ചു.

“സുലൈമാൻ സൈനബയുടെ ബാഗ് തപ്പിയപ്പോൾ കുറച്ചു പണം കണ്ടു. വണ്ടി സുലൈമാൻ നാടുകാണി ചുരത്തിലേക്കു വിട്ടു. രാത്രി എട്ടു മണിയോടു കൂടി ചുരത്തിലെത്തി ഇടതുവശത്തായി താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് വണ്ടി നിർത്തി. ഞാനും സുലൈമാനും പുറത്തിറങ്ങി ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സൈനബയുടെ ശരീരം കാറിന്റെ പിൻസീറ്റിൽനിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയുള്ള സ്ഥലത്തേക്ക് തള്ളിയിട്ടു. പിന്നീട് ഞങ്ങൾ സുലൈമാൻ താമസിച്ചിരുന്ന ഗൂഡല്ലൂരിലെ മുറിയിലെത്തി. എന്റെ മുണ്ടിൽ ചോര പുരണ്ടിരുന്നതിനാൽ അത് കഴുകിയശേഷം മറിച്ചുടുത്തു. പിന്നീട് ഞങ്ങൾ പുറത്തുപോയി ഒരു കടയിൽനിന്നു മുണ്ടും ബനിയനും വാങ്ങി തിരിച്ചുവന്നു.

തുടർന്ന് ഞങ്ങൾ വസ്ത്രങ്ങൾ മാറ്റി ധരിക്കുകയും അന്ന് അവിടെ താമസിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം ഞങ്ങൾ വീതിച്ചെടുത്തു. സ്വർണാഭരണങ്ങൾ എന്റെ കൈവശം വച്ചു. കാർ സുലൈമാൻ ഒരു സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി സർവീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും എന്റെ വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയിൽവച്ച് എന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൈക്കലാക്കി” – പ്രതി സമദ് പൊലീസിനോട് വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!