പ്രവാസി കുടുംബത്തിലെ കൂട്ടക്കൊലക്ക് പിന്നിൽ പ്രണയപ്പക; ലക്ഷ്യമിട്ടത് അയ്‌നാസിനെ മാത്രമെന്ന് പ്രതി പ്രവീൺ

ഉഡുപ്പിപ്പിയിൽ സൌദി പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചഗ്ലയെ (28) ഈ മാസം 28 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സൌദി പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (48), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ട കേസിലാണിത്. രാജ്യാന്തര വിമാനക്കമ്പനിയിൽ കാബിൻ ക്രൂവായ പ്രതി ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തി കൊലനടത്തിയത്.

എയർഹോസ്റ്റസായ അയ്നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രണയത്തിൽനിന്ന് പിൻമാറിയതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനയുണ്ട്. അയ്നാസും പ്രവീണും തമ്മിൽ നിരന്തരം ഫോൺ വിളിച്ചിരുന്നതായി കണ്ടെത്തിയതും കൊലപാതകത്തിനു ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്നാസ് മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചാണു ജോലി ചെയ്യുന്നത്. അയ്നാസിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസിന്റെ അന്വേഷണം. അയ്നാസിനെ  കൊലപ്പെടുത്താൻ മാത്രമാണ് പ്രവീൺ ലക്ഷ്യമിട്ടിരുന്നതെന്ന് മറ്റുള്ളവർ തടസ്സം സൃഷ്ടിച്ചതാണ് ഇവരുടെ കൊലപാതകത്തിനും വഴിയൊരുക്കിയതെന്നും ഉഡുപ്പി എസ്പി അരുൺ കുമാർ പറഞ്ഞു. ഹസീനയുടെ ഭർതൃമാതാവിനും കുത്തേറ്റിരുന്നെങ്കിലും ഇവരുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് ശേഷം കുടച്ചി വഴി മഹാരാഷ്ട്രയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. ഇതിനിടെ കുടച്ചിയിൽ വെച്ച് പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തു. ഇത് ഉഡുപ്പി പോലീസിന് ഇയാളെ കണ്ടെത്താൻ സഹായകരമായി. പിന്നീടങ്ങോട്ട് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള പഴുതടച്ച അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സാഹചര്യമൊരുക്കിയത്.

കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രചരണം നൂർ മുഹമ്മദ് നിഷേധിച്ചു. 15 വര്‍ഷമായി താന്‍ സൗദിയിലാണ് ജോലി ചെയ്യുന്നതെന്നും, റിയാദില്‍ തന്നോടൊപ്പമായിരുന്നു കുടുബമെന്നും നൂർ വ്യക്തമാക്കി.  പെരുന്നാള്‍ അവധിക്കാണ് നാട്ടിലേക്ക് പോന്നത്. രണ്ടാഴ്ചക്കുള്ളിൽ കുടുംബം റിയാദിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച പുലര്‍ച്ചെ മാസ്ക് ധരിച്ചെത്തിയ പ്രതി പ്രവാസിയായ നൂർ മുഹമ്മദിൻ്റെ ഭാര്യ ഹസീനയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. വാക്ക് തർക്കം മൂർച്ചിച്ചതോടെ അക്രമി ഹസീനയെ വെട്ടികൊലപ്പെടുത്തകായിയിരുന്നുവെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുൺകുമാർ പറഞ്ഞു.

 

 

ഈ സമയം വീടിന് പുറത്ത് കളിക്കുകയായിരുന്ന മക്കൾ മാതാവിന്റെ കരച്ചിൽ കേട്ട് അകത്തേക്ക് ഓടിയെത്തി. ഉടൻ പ്രതി അവരേയും സമാനരീതിയിൽ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട അഫ്നാൻ എയർ ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഐനാൻ കോളജിലും അസീം എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളായിരുന്നു.

നാലുപേരെ കൊലപ്പെടുത്തിയ ശേഷം ഒന്നും സംഭവിക്കാത്തത് പോലെ പ്രതി പ്രവീൺ അരുൺ ചൗഗുലെ വസ്ത്രം മാറി സ്ഥലം വിട്ടു. സന്തേക്കാട്ടെ ഓട്ടോയിൽ കയറി വാഹനം മാറുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. കൊലക്കേസ് പ്രതികളെക്കുറിച്ചുള്ള ചെറിയ സൂചന പോലും പോലീസിന് ലഭിക്കാതിരിക്കാൻ പ്രതി ശ്രദ്ധിച്ചിരുന്നു.

പ്രതിക്കായി ഉഡുപ്പി പോലീസ് എല്ലായിടത്തും വ്യാപകമായി തിരച്ചിൽ നടത്തി. എന്നാൽ എവിടെയും പ്രതിയെ കുറിച്ചുള്ള സൂചന പോലും ലഭിച്ചിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും വ്യക്തിവൈരാഗ്യവും എല്ലാ വിധത്തിലും അന്വേഷിച്ച പൊലീസ് നേരിട്ട് മംഗളൂരു വിമാനത്താവളത്തിലെത്തി.

കൊല്ലപ്പെട്ടവരിൽ മകൾ ഐനാസ് മംഗളൂരു വിമാനത്താവളത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പൊലീസ് പരിശോധന നടത്തി. ഈ സമയത്താണ് പ്രവീൺ അരുൺ ചൗഗുളെയെ കാണാതായ വിവരം പൊലീസ് അറിഞ്ഞത്. അതോടെയാണ് പ്രതി ഇയാളായിരിക്കുമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

നൂർ മുഹമ്മദിൻ്റെ മാതാവ് ഹാജിറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കൊല്ലപ്പെട്ട മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവില്‍ പൊലീസ് വാതില്‍ ബലമായി തകര്‍ത്ത് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഹാജിറ ആശുപത്രിവിട്ടതായാണ് വിവരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!