ഗസ്സയിൽ ശക്തമായ മഴ; ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറി, “അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കി തന്നുവെന്ന് ഫസ്തീനികൾ”, ഇന്നും വ്യാപക ആക്രമണം – വീഡിയോ

ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തു. മഴയിൽ ആഹ്ലാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇസ്രായേൽ നിഷേധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഗസ്സയിൽ ഇന്ന് ശക്തമായ മഴ പെയ്തത്.

‘ഞങ്ങൾക്ക് ‘ഇസ്രായേൽ വെള്ളം തടഞ്ഞപ്പോൾ ആകാശത്തു നിന്നു മഴ പെയ്തു’ എന്നാണ് ഒരു കുട്ടി പ്രതികരിച്ചത്. മാധ്യമ സ്ഥാപനങ്ങളുൾപ്പെടെ മഴ വെള്ളം ശേഖരിക്കുന്ന കുട്ടിയുടെ വീഡിയോ എക്സിൽ പങ്കുവച്ചു. ‘അല്ലാഹുവിന് സ്തുതി. ജനങ്ങളേ, ഞങ്ങളെ അല്ലാഹു മഴ കൊണ്ട് കുടിപ്പിച്ചു. ഞങ്ങൾ കഷ്ടപ്പാടിലാണെന്ന് അല്ലാഹുവിന് അറിയാം. അവൻ ഞങ്ങൾക്കു മേൽ മഴ വർഷിച്ചു.’ – കുട്ടി പറഞ്ഞു.

 

 

അതേസമയം, കാറ്റും മഴയും മൂലം ചിലയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുടിക്കാനും ഭക്ഷണം ഉണ്ടാക്കാനും ശുചീകരണത്തിനുമായി ഒരാൾക്ക് 50-100 ലിറ്റർ വെള്ളം വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ എല്ലാ ഗാർഹികാവശ്യങ്ങൾക്കുമായി ഒരാള്‍ക്ക് ശരാശരി മൂന്നു ലിറ്റർ മാത്രം വെള്ളമാണ് ഗസ്സയിൽ ലഭിക്കുന്നത്.

 

 

 

 

സ്വകാര്യ കിണറുകളിലെയും ശുദ്ധീകരണ പ്ലാന്റുകളിലെയും ഉപ്പുവെള്ളമാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. മിക്ക ശുദ്ധീകരണ പ്ലാന്റുകളും ഇന്ധനമില്ലാത്തതു മൂലം പ്രവർത്തനം നിർത്തിയതായി യുഎൻ ഹുമാനിറ്റേറിയൻ അഫയേഴ്‌സ് ഓഫീസ് പറഞ്ഞു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് ഇപ്പോഴും നിരവധി പേരുടെ മൃതദേഹങ്ങളും കണ്ടെടുക്കുന്നുണ്ട്.

 

 

 

തുൽക്കാം ക്യാമ്പിൽ ഇന്ന് വ്യാപക സൈനികാക്രമണം നടന്നു.

 

 

 

അതിനിടെ, ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതു മൂലം ഗസ്സയിലെ 36ൽ 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവശ്യ സേവനത്തിന് മാത്രമുള്ള വിഭവങ്ങളേയുള്ളൂവെന്നും അധികൃതർ പറഞ്ഞു. ആശുപത്രികൾക്ക് നേരെ ഇന്നും ആക്രമണം തുടരുകയാണ്. തുൽക്കറമിലെ സാബിത്ത് സാബിത്ത് ആശുപത്രിക്ക് നേരെയും ആംബുലൻസുകൾക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി.

 

 

 

 

 

ഖാൻ യൂനുസിൽ ഒരു അപ്പാർട്ട്മെൻ്റിന് നേരെുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക്  പരിക്കേറ്റു.

 

 

 

 

39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11240 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 29000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

 

 

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!