സഞ്ചാരികളേ.., ഇനി ഒബ്ഹൂറിലേക്ക് വരൂ..; ഒബ്ഹൂർ ബിച്ചിലെ നവീകരിച്ച വാട്ടർ ഫ്രണ്ട് ഉദ്ഘാടനം ചെയ്തു, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ – വീഡിയോ

ജിദ്ദ: നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സൌദിയിൽ ജിദ്ദയിലെ തെക്കൻ ഒബ്ഹൂർ ബീച്ചിലെ വാട്ടർ ഫ്രണ്ട് പൊതു സമൂഹത്തിനായി തുറന്ന് കൊടുത്തു. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പദ്ധതി ഉദ്ഘാടന ചെയ്തത്. മൂന്ന് വർഷത്തോളമായി വികസന പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ഭാഗമാണ് ഇപ്പോൾ പുത്തൻ സജ്ജീകരണങ്ങളോടെ പ്രവർത്തനം പുനരാരംഭിച്ചത്. 270 ദശലക്ഷം റിയാലിൽ കൂടുതൽ ചെലവഴിച്ചാണ് വികസന പദ്ധതി പൂർത്തിയാക്കിയത്.

2,05,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് വികസനം പൂർത്തിയാക്കിയത്. 2.7 കിലോമീറ്റർ നീളത്തിലുള്ള കടൽ നടപ്പാത പ്രാധന പ്രത്യേകതയാണ്. കടൽ കാഴ്ചകണ്ടുകൊണ്ടുള്ള സൈക്കിൾ പാത, പൊതുജനങ്ങൾക്കുള്ള ഹരിത ഇടങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ, കുട്ടികളുടെ ഗെയിമുകൾ, മറൈൻ സ്‌കാഫോൾഡ്, നിക്ഷേപ കെട്ടിടങ്ങൾ, നീന്താനും ആസ്വദിക്കാനും ഇരിക്കാനും മണൽ നിറഞ്ഞ ബീച്ചുകൾ എന്നിങ്ങനെ നിരവധിയാണ് പുതിയ വാട്ടർ ഫ്രണ്ടില പ്രത്യേകതകൾ.

 

 

വൈദ്യുതി, മലിനജല ശൃംഖലകൾ, മഴവെള്ളം, വെള്ളപ്പൊക്കം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും സജ്ജീകരിച്ചിരുന്നു. പ്രദേശം മുഴുവൻ ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഇവ ഒരു കൺട്രോൾ റൂമിൽ വെച്ച് നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകിക്കുന്നതിനും സംവിധാനങ്ങളുണ്ട്.

ചെങ്കടലിന്റെ മണവാട്ടിയിലേക്കുള്ള കാൽനടയാത്രക്കാരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും ആകർഷകമായ സമുദ്ര വിനോദസഞ്ചാര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഹരിത ഇടങ്ങളുടെയും വിനോദ മേഖലകളുടെയും പ്രതിശീർഷ വിഹിതം വർദ്ധിപ്പിക്കുന്നതിനുമാണ് ജിദ്ദ മുനിസിപ്പാലിറ്റി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

അതോടൊപ്പം രാജ്യത്തെ നഗരങ്ങളുടെ വികസനത്തിനായി ആരംഭിച്ച  “ബഹ്ജ പ്രോജക്ട്” നും ജിദ്ദയിൽ തുടക്കമായി. എല്ലാ നഗരങ്ങളിലെയും താമസക്കാർക്ക് അനുയോജ്യമായ ഒരു നഗര അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാമ് ബഹ്ജ പ്രോജക്ട്, പാർക്കുകളും പൊതു സ്ഥലങ്ങളും നിർമിച്ച് ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുയോജ്യമായ മികച്ച ഡിസൈൻ സൃഷ്ടിക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

2024-ൽ രാജ്യത്തുടനീളം 500-ലധികം പാർക്കുകൾ, 700 നഗര തെരുവുകൾ, പൊതുചത്വരങ്ങൾ എന്നിവ വികസിപ്പിക്കും, 700 പേർക്ക് 10 മിനിറ്റിനുള്ളിൽ പാർക്കുകളിൽ എത്തിച്ചേരാൻ കഴിയും, 400 കിലോമീറ്റർ കാൽനട പാതകൾ, 300 കിലോമീറ്റർ സൈക്കിൾ പാതകൾ, 500-ലധികം കുട്ടികളുടെ കളിസ്ഥലങ്ങൾ, കൂടാതെ 300-ലധികം കായിക മേഖലകൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ജിദ്ദയിലെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയവും ആറ് സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളിൽ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രിയുടെ സാന്നിധ്യത്തിൽ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ഒപ്പുവച്ചു.

 

ഒബ്ഹൂറിലെ നവീകരിച്ച വാട്ടർ ഫ്രണ്ടിൻ്റെ മനോഹരമായ വീഡിയോ കാണാം..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!