സൗദിയിൽ നിലവിലെ ഇന്ധന വാഹനങ്ങൾ വൈകാതെ അപ്രത്യക്ഷമാകും; ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാൻ പദ്ധതികൾ നടപ്പിലാക്കി തുടങ്ങി

സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാൻ അധികൃതർ പദ്ധതികൾ നടപ്പിലാക്കി തുടങ്ങി. നിലവിലെ എണ്ണ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ക്രമേണ റോഡുകളിൽ അപ്രത്യക്ഷമാകും. പകരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ ഇടംപിടിക്കും. അതിനായുള്ള ത്രീവ്ര ശ്രമത്തിലാണ് അധികൃതർ. ഒക്ടോബർ ആദ്യം മുതൽ ലൂസിഡ് ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി സൌദിയിലും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇവയുടെ വിൽപ്പനയും ഉടനെ ആരംഭിക്കും. കൂടാതെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുകയും ചെയ്തു. വിദേശ നിർമിത ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യുന്നതും വ്യാപകമാക്കും. അതിൻ്റെ തുടർച്ചായായാണ് ഇപ്പോൾ ഇല്ക്ട്രിക് കാർ രാജ്യത്ത് വ്യാപകമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയത്.

സൗദിയിൽ ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനി തന്നെ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. “EVIQ” എന്നാണ് കമ്പനിയുടെ ഔദ്യോഗിക ബ്രാൻഡ് നെയിമായി പ്രഖ്യാപിച്ചത്. 75 ശതമാനം സൗദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെയും 25 ശതമാനം സൗദി ഇലക്ട്രിസിറ്റി കമ്പനിയുടേയും ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുക. സൗദിയിലെ നിലവിലുള്ള വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് “EVIQ” പ്രവർത്തിക്കുക. രാജ്യത്ത് ഇലക്ട്രിക്  വാഹനങ്ങൾക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങളൊരുക്കുകയും അതിൻ്റെ വ്യാപനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

ഇതിനായി രാജ്യത്തുടനീളമുള്ള ആയിരം തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 5,000 ഇലക്ട്രിക് വാഹന ചാർജിംഗ് ഉപകരണങ്ങൾ സ്ഥാപിക്കുകയാണ് “EVIQ” ൻ്റെ പ്രഥമ ലക്ഷ്യം. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രാപ്തമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫാസ്റ്റ് ചാർജിംഗ് പോയിന്റുകളുടെ ഒരു ദേശീയ ശൃംഖല സ്ഥാപിക്കുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇൻസ്റ്റലേഷൻ, മെയിന്റനൻസ് മേഖലയിൽ സേവനങ്ങൾ വ്യാപകമാക്കുന്നതിനായി പ്രാദേശികാടിസ്ഥാനത്തിൽ യോഗ്യരായ പങ്കാളികളുമായി സഹകരിച്ചുകൊണ്ട് പദ്ധതികൾ നടപ്പിലാക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ച വർദ്ധിപ്പിക്കാനും ഉപയോഗ നിരക്ക് ഉയർത്താനും ഇതിലൂടെ സാധിക്കും. സൗദി സമൂഹത്തിൽ ഇലക്ട്രിക് വാഹന മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കാനും ഇത് വഴി സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് കാറുകളാണ് നിരത്തുകൾ കയ്യടക്കുകയെന്നും, സൗദി ഉപഭോക്താക്കൾക്കിടയിൽ വൈദ്യുത വാഹനങ്ങളോടുള്ള താൽപര്യം വർധിച്ചുവരുമെന്നും കമ്പനിയുടെ സിഇഒയും ഡയറക്ടർ ബോർഡ് അംഗവുമായ മുഹമ്മദ് ഖസ്സാസ് പറഞ്ഞു.

വിശ്വസനീയവും വേഗതയേറിയതുമായ ചാർജിംഗ് സെന്ററുകളുടെ ഒരു ദേശീയ ശൃംഖല സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ വിടവ് നികത്താനും രാജ്യത്തെ ഡ്രൈവർമാരെ ആത്മവിശ്വാസത്തോടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പ്രാപ്തരാക്കുകയുമാണ് EVIQ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാർജിംഗ് സൈറ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാനാകുംവിധമുള്ള ക്രമീകരണങ്ങളൊരുക്കും.

സൗദി വിപണിയിൽ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഓട്ടോമോട്ടീവ് മേഖലയിൽ രാജ്യത്തിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പ്രവർത്തനങ്ങൾക്ക് അനുസൃതമായാണ് EVIQ ന്റെ സമാരംഭം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!