ഫലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമേയം; ഇത്തവണ ഇസ്രായേലിനെതിരെ വോട്ട് ചെയ്ത് ഇന്ത്യ
ഫലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്ത് ഇന്ത്യ. ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിക്കുന്നതിനിടെയാണ്, ഫലസ്തീന്റെ അധീന മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന യുഎൻ പ്രമയേത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്തത്. കിഴക്കൻ ജറുസലം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീനിലും അധിനിവേശ സിറിയൻ ഗൊലാനിലും ഇസ്രയേൽ നടത്തുന്ന കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് യുഎൻ വോട്ടിനിട്ടു പാസാക്കിയത്.
ഏഴു രാജ്യങ്ങൾ യുഎൻ പ്രമേയത്തെ എതിർത്തു വോട്ടു ചെയ്തു. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ ഗാസയിൽ മാത്രം ഇതുവരെ 11,000ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ 1400 പേരും മരിച്ചിരുന്നു. ഗാസയിൽ കടന്ന് ഇസ്രയേൽ വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, ഇസ്രയേൽ കുടിയേറ്റത്തിനെതിരായ യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്തത്.
നേരത്തേ, ജീവകാരുണ്യ സഹായമെത്തിക്കാൻ ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസംഘടന (യുഎൻ) പൊതുസഭയുടെ പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുടെ ദീർഘകാല ഫലസ്തീൻ നയത്തിനു വിരുദ്ധമാണിതെന്നായിരുന്നു കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും വിമർശനം. 193 അംഗ യുഎൻ പൊതുസഭയിൽ ജോർദാൻ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് അടക്കം 14 രാജ്യങ്ങൾ എതിർത്തെങ്കിലും 120 രാജ്യങ്ങളുടെ പിന്തുണയോടെ പാസായിരുന്നു.
ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, കാനഡ, ജർമനി, യുകെ, ജപ്പാൻ, യുക്രെയ്ൻ തുടങ്ങി 45 രാജ്യങ്ങളാണു വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക