കാൽനടയാത്രക്രാരനെ ബസിടിച്ചു; പേടിച്ച് ഓടിയ ഡ്രൈവർക്കു പിന്നാലെ നാട്ടുകാർ, ഒടുവിൽ ട്രെയിനിടിച്ച് ദാരുണാന്ത്യം
തലശ്ശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വടകര – തലശ്ശേരി റൂട്ടിലോടുന്ന ഭഗവതി ബസിന്റെ ഡ്രൈവർ മനേക്കരയിലെ ജീജിത്താണ് ഇന്നലെ വൈകിട്ട് 6.15നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന മെമു ട്രെയിൻ തട്ടി മരിച്ചത്. അപകടത്തിനു പിന്നാലെ ജീജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും നാട്ടുകാരിൽ ചിലർ പിന്തുടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
നാടിനെയാകെ ഞെട്ടിപ്പിച്ച സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ജീജിത് ഓടിച്ച ബസ് തെറ്റായ വശത്തേക്കു നീങ്ങി, ദേശീയപാതയിൽ പെട്ടിപ്പാലം കോളനിക്കു മുൻപിൽ വച്ചാണു കാൽനടയാത്രക്കാരനായ മുനീറിനെ തട്ടിയിട്ടത്. മുനീറിനു സാരമായി പരുക്കേറ്റിട്ടുണ്ട്. ഇതോടെ ആളുകൾ ഓടിക്കൂടി. ഇതു കണ്ടു ഭയന്നു ബസിൽ നിന്ന് ഇറങ്ങിയോടിയ ജിജിത്തിനു പിറകെ ചിലർ ഓടുന്നതും പിടിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതും തല്ലാൻ ഓങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ഇവരിൽ നിന്നു ജീജിത് കുതറി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
രക്ഷപ്പെടാനായി ജീജിത് ഓടി, റെയിൽപാളം മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു റെയിൽപാളങ്ങളും മുറിച്ചു കടന്ന്, രണ്ടാം പാളത്തിനു സമീപത്തു കൂടി വടകര ഭാഗത്തേക്ക് ഓടുന്നതിനിടെയാണു പിറകിൽ നിന്നു കണ്ണൂർ – കോഴിക്കോട് മെമു എത്തിയതും ജീജിത്തിനെ ഇടിച്ചു വീഴ്ത്തിയതും. ജീജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. വാസുവിന്റെയും നളിനിയുടെയും മകനാണു ജീജിത്. ഭാര്യ: തുളസി. മക്കൾ: അൻസിന, പരേതയായ നിഹ. ബസിടിച്ച് പരുക്കേറ്റ മുനീർ തലശ്ശേരി ജനറൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെട്ടിപ്പാലം ഭാഗത്തു റോഡിൽ നിറയെ കുഴികളുണ്ടെന്നും കുഴിയിൽ വീഴാതെ വാഹനം വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പലതവണ ഇവിടെ അപകടങ്ങളുണ്ടായതായും നാട്ടുകാർ പറഞ്ഞു. പെട്ടിപ്പാലം മുതൽ സെയ്ദാർ പള്ളി വരെ ഡസൻ കണക്കിനാണു റോഡിൽ കുഴികൾ. റോഡിലെ കുഴികൾ അടക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ കേട്ട ഭാവം നടിക്കാറില്ല. ജീവൻ പണയം വച്ചാണു വാഹനം ഓടിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക