സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേണ്ടര സ്വദേശികളാണിവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേലിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്, മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കോഴിക്കോട് തിരുവമ്പാടിക്ക് സമീപം ആനക്കല്ലുംപാറ വളവിലായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിൻ്റെ പിൻവശം പൂർണമായും തകർന്നു.
ഒരു സ്കൂട്ടറിൽ ഇവർ മൂന്ന് പേരും യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോട്ടിലാണ് മൂവരെയും പരിക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാർ മൂവരെയും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മൂവരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. മടക്കയാത്രയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. അസ്‌ലമിനെയും അർഷദിനെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക