ഗസ്സയിലേക്ക് ആശുപത്രി കപ്പലയക്കാനൊരുങ്ങി ഇറ്റലി; കൂട്ടകുരുതിയിൽ ഇന്നും നിരവധി പേർ കൊല്ലപ്പെട്ടു – വീഡിയോ

യുഎഇക്ക്  പിറകെ ഇറ്റലിയും ഗസ്സയിലേക്ക് ആതുരസേവനവുമായി എത്തുന്നു. ഗസ്സയിലേക്ക് ആശുപത്രിക്കപ്പലയക്കാനാണ് ഇറ്റലിയുടെ തീരുമാനം. 300 ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്ന സംഘമാണ് കപ്പലിലുണ്ടാവുക. ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്.

കഴിഞ്ഞ ദിവസം യുഎഇയും ഗസ്സയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് അനുസരിച്ചാണ് 150 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നത്. യുഎഇയുടെ കാരുണ്യ പദ്ധതിയായ ​ഗാലന്റ് നൈറ്റ്-3ന്റെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിക്കേറ്റ ആയിരം കുട്ടികളെ യുഎഇയിലെത്തിച്ച് ചികിത്സിക്കുമെന്ന പ്രഖ്യാപനത്തിന് പുറമെയാണിത്.

തീവ്രപരിചരണ വിഭാ​ഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ​ഗൈനക്കോളജി എന്നീ വിഭാ​ഗങ്ങൾ ആശുപത്രിയിലുണ്ടാകും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും പ്രവർത്തിക്കും. സിറ്റി ഇമേജിങ്, ലബോറട്ടറി, ഫാർമസി, മറ്റ് സൗകര്യങ്ങൾ എന്നിവയും ആശുപത്രിയിലുണ്ടാകും. ആശുപത്രി സ്ഥാപിക്കാൻ ആവശ്യമായ സാമ​​ഗ്രികൾ യുഎഇയിൽ നിന്നും അഞ്ച് വിമാനങ്ങളിലായി ​ഗസയിൽ എത്തിച്ചു കഴിഞ്ഞു.

അതേ സമയം ഗസ്സക്ക് മേൽ ഇസ്രായേലിൻ്റെ ബോംബ് വർഷം രൂക്ഷമായി തുടരുകയാണ്. നിരവധി പേർ ഇന്നും ഗസ്സയിൽ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. ഗസ്സ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

 

സ്വന്തം കുഞ്ഞ് ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ, ഗസ്സയിലെ ഒരു പാരാമെഡിക്കൽ പ്രവർത്തകൻ

 

ഇതിനിടെ ഗസ്സ വിഷയം ചർച്ച ചെയ്യാൻ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി നാളെ റിയാദിൽ ചേരും. ഫലസ്തീന്റെ ആവശ്യ പ്രകാരമാണ് ഉച്ചകോടി വിളിച്ചിരിക്കുന്നത്.

ഫലസ്തീന് 500 ദശലക്ഷം ഡോളർ അധികസഹായം നൽകുമെന്ന് ജി 7 അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനികളെ പുറന്തള്ളുന്നത് അംഗീകരിക്കില്ലെന്നും സുസ്ഥിര സമാധാനത്തിന് ദ്വിരാഷ്ട്ര പ്രശ്ന പരിഹാരം അനിവാര്യമാണെന്നും ജി 7 രാജ്യങ്ങൾ അറിയിച്ചു.

ഇസ്രായേൽ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,569 ആയി. കൊല്ലപ്പെട്ടവരിൽ 4,324 കുട്ടികളും 2,823 സ്ത്രീകളുമാണ്. പിന്നിട്ട ഏതാനും മണിക്കൂറുകളിൽ ഇസ്രായേൽ നടത്തിയത് 27 കൂട്ടക്കുരുതികളാണ്.

അതിനിടെ ഒരു സൈനികനെ കൂടി ഹമാസ് വധിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. ഗസ്സയിൽ കരയുദ്ധത്തിനിടെ മാത്രം 33 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. എല്ലാ ഭാഗങ്ങളിൽ നിന്നും ശത്രുവിനെതിരായ ചെറുത്തുനിൽപ്പ് തുടരുന്നതായി ഹമാസ് അറിയിച്ചു. ഇതുവരെ 136 ഇസ്രായേൽ സൈനിക വാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തു. ബന്ദികളെ പൂർണമായോ ഭാഗികമായോ കൈമാറാൻ സമഗ്ര ഉടമ്പടിക്ക് ഒരുക്കമാണെന്നും 12 ബന്ദികളെ വിട്ടയക്കാനുളള പ്രക്രിയ തടഞ്ഞത് ഇസ്രായേൽ ആണെന്നും ഹമാസ് പറഞ്ഞു.

 

 

 

ഒരു ഫലസ്തീനിയൻ വിദ്യാർഥിനിയെ ജറൂസലേമിൽ നിന്നും ഇസ്രായേൽ സൈനികൻ ദേഹപരിശോധന നടത്തുന്നു

 

കരസേന ഗസ്സ സിറ്റിയിൽ എത്തിയെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. സൈനികർ ഗസ്സ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്‍റാണ് പറഞ്ഞത്. അതിനിടെ ഗസ്സയിലെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തി. റെഡ്‌ക്രോസ് സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായി. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫും കൊല്ലപ്പെട്ടു.

ഗസ്സയുടെ സുരക്ഷാ ചുമതല പൂർണമായും ഇസ്രായേൽ ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് എത്ര കാലത്തേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന ഗസ്സയിൽ ജനജീവിതം അനുദിനം കൂടുതൽ ദുരിത പൂർണമാവുകയാണ്. ഓരോ ദിവസവും 20-30 ട്രക്കുകൾ വീതം ഗസ്സയിൽ എത്തുന്നുണ്ടെങ്കിലും ഇത് വളരെ അപര്യാപ്തമാണ്.

 

 

 

മൂന്നു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗസ്സ സിറ്റിൽ ബ്രഡ് വാങ്ങാൻ പറ്റുന്ന ഒരു കട പോലുമില്ലാത്ത അവസ്ഥയിലാണ്. ഗസ്സയിലെ ജനങ്ങൾ നിരവധി ദിവസങ്ങളായി ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഒരു ലിറ്റർ വെള്ളം മാത്രമാണ് ഒരു ദിവസം ഒരാൾക്ക് ലഭിക്കുന്നത്. ആശുപത്രികളിൽ 50 ശതമാനവും പൂട്ടിപ്പോയി. ബാക്കിയുള്ള ആശുപത്രികൾക്ക് നേരെയും കടുത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!