സൗദിയിൽ കൂടുതൽ നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു
സൗദിയിലെ ദമ്മാമിലും ഖത്തീഫിലും ഇലകട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പൊതുഗതാഗത അതോറിറ്റി, കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി, സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയായ സാപ്റ്റ്കോ എന്നിവയുടെ സഹകരണത്തോടെയാണ് സർവീസ് ആരംഭിച്ചത്. ദമാം മെട്രോപോളിസിലെയും ഖത്തീഫ് ഗവർണറേറ്റിലെയും പൊതുഗതാഗത പദ്ധതിയുടെ ഭാഗമായാണിത്.
പരീക്ഷണാടിസ്ഥാനത്തിൽ ജിദ്ദയിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചത്. പിന്നീട് മദീനയിലും സമാന സർവീസുകൾ ആരംഭിച്ചിരുന്നു. അതിന് ശേഷം ഇന്ന് മുതലാണ് ദമാമിലും ഖത്തീഫിലും സർവീസുകൾക്ക് തുടക്കമായത്.
പുതിയ ബസുകൾ പൂർണമായും വൈദ്യുതിയിൽ ഓടുന്നതായതിനാൽ പൂജ്യം ശതമാനമാണ് കാർബണ് ബഹിർഗമനം. കൂാടതെ ശബ്ദം ഉൾപ്പെടെ യാതൊരു മലിനീകരണവും ഇതിനില്ലെന്നും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ആക്ടിംഗ് മേധാവി ഡോ. റുമൈഹ് അൽ-റുമൈഹ് പറഞ്ഞു.
പരീക്ഷണയോട്ടം വിലയിരുത്തിവരികയാണെന്നും, എല്ലാ നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുന്നത് വരെ യാത്രക്കാരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രത്യേകതകളോടെയാണ് ബസുകളുടെ നിർമാണം. കുറഞ്ഞ ഊർജ്ജ ഉപഭോഗമാണ് പ്രധാന പ്രത്യേകത. കൂടാതെ അത്യാധുനിക സാങ്കേതികവിദ്യയായ പവർ ബാറ്ററികൾ (എൽഎഫ്പി) ഇതിലുണ്ട്. യാത്രക്കാർക്ക് വേണ്ടി യുഎസ്ബി ചാർജിംഗ് പോർട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് 300 കിലോമീറ്റർ സഞ്ചരിക്കുന്നു, 14 കിലോമീറ്ററാണ് ബസ് റൂട്ട്. കൂടാതെ ഇത് 8 റൂട്ടുകളിലായി പ്രതിദിനം 73 ട്രിപ്പുകൾ നടത്തും. ഓരോ ബസിലും 37 സീറ്റുകൾ വീതമുണ്ട്.
ദമാമിലെയും ഖത്തീഫ് ഗവർണറേറ്റിലെയും പൊതു ബസ് ഗതാഗത പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ ആരംഭിച്ചത്. പ്രതിദിനം ബസുകൾ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കും, 218 സ്റ്റോപ്പിംഗ് പോയിന്റുകളാണുള്ളത്. 18 മണിക്കൂർ ഇവുയുടെ സേവനം ലഭ്യമാകും.