കെഎസ്‌യു മാർച്ചിൽ വൻസംഘർഷം: ലാത്തിയടിയിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതര പരിക്ക്; നാളെ വിദ്യാഭ്യാസ ബന്ദ്

കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാർഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘർഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു

നഗരത്തിൽ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ‌പ്രതിഷേധക്കാർ കേരളീയം ഫ്ലക്സുകൾ തകർക്കുകയും പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ  കെഎസ്‌യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്കു മാറ്റി. അക്രമത്തെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്‌യു പ്രവർത്തകരുടെ തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സ്ഥലം സന്ദർശിച്ച എം. വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ സംഘടന ഘടകങ്ങളോട് ആവശ്യപ്പെട്ടു. മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചിനു നേരെ രണ്ട് തവണയാണ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റിട്ടുണ്ട്. തടയാൻ ശ്രമിച്ച പ്രവർത്തകന്റെ തലപൊട്ടി.

പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുകയും ചെയ്തിരുന്നു. കേരളീയത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. പൊലീസും കെഎസ്‍യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിരിഞ്ഞുപോയവരെ പൊലീസ് അറസ്റ്റു ചെയ്യുകയാണെന്നാണ് കെഎസ്‍യു പ്രവർത്തകരുടെ ആരോപണം.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!