കളമശേരി സ്‌ഫോടനത്തിൽ മരണം നാലായി; പ്രതി ഡൊമിനിക്ക് മാർട്ടിൻ്റെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കളമശേരി സ്വദേശി മോളി (61) യാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്‌ഫോടനത്തെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം നാലായി. ഇരിങ്ങോൾ വട്ടപ്പടി സ്വദേശിനി ലെയോണ പൗലോസ്, തൊടുപുഴ കാളിയാർ സ്വദേശിനിയായ കുമാരി, കാലടി സ്വദേശി ലിബിന (12) എന്നിവരാണ് സംഭവം നടന്നതിന് പിന്നാലെ മരണമടഞ്ഞത്.
ആകെ 52 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ ഏഴുപേർക്ക് ഗുരുതര പരിക്കും സംഭവിച്ചിരുന്നു. നിലവിൽ 50 ശതമാനത്തിലേറെ പരിക്കുള്ള ആറുപേർ ചികിത്സയിലാണ്. കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചേക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യം. ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.
ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യഹോവ സാക്ഷികളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്ന സംശയവും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ തലേന്ന് രാത്രി മാർട്ടിന് ദുരൂഹമായ ഒരു ഫോൺ കോൾ വന്നെന്ന ഭാര്യയുടെ മൊഴിയും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കി. തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. ഇയാൾ ബോംബ് നിർമ്മിച്ച നെടുമ്പാശേരിയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് പ്രാഥമിക തെളിവുകൾ ശേഖരിച്ചിരുന്നു.
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക