വിദ്വേഷ പ്രചാരണം നടത്തി; റിപ്പോർട്ടർ ചാനലിനും സുജയ പാർവതിക്കുമെതിരെ പൊലീസ് കേസെടുത്തു

റിപ്പോർട്ടർ ചാനലിനും മാധ്യമ പ്രവർത്തക സുജയ പാർവതിക്കുമെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി സ്ഫോടനമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. 153, 153A വകുപ്പുകൾ പ്രകാരം തൃക്കാക്കര പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരി സ്വദേശി യാസർ അറാഫത്താണ് പരാതിക്കാരൻ.  കേസെടുത്തിട്ടുള്ളത്.

മത സൌഹാർദാന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയാണ് റിപ്പോർട്ടർ ചാനലും സുജയ പാർവതിയും ശ്രമിച്ചതെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബർ 29ന് കളമശ്ശേരിയിൽ ബോംബ് സ്ഫോടനം നടന്ന ശേഷം ജനങ്ങൾക്കിടയിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും ചാനലും മാധ്യമ പ്രവർത്തകയും പ്രവർത്തിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കളമശ്ശേരി സ്ഫോടനത്തിന് ഫലസ്തീനിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന രീതിയിൽ ചാനലും സുജയ പാർവതിയും പ്രവർത്തിച്ചുവെന്നും പരാതിയിൽ  പറയുന്നു. ഊഹപോഹങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മതസൌഹാർദം തകർക്കുന്നതിനുള്ള പ്രചാരണങ്ങൾ ചാനലിലൂടെ ഉണ്ടായി എന്നും പരാതിയിൽ പറയുന്നുണ്ട്. ഇമെയിൽ വഴിയാണ് പരാതിക്കാരൻ പരാതി നൽകിയത്.

ഇതേ സംഭവത്തിൽ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ പരാതിയിൽ എളമക്കര പൊലീസാണ്​ കേസെടുത്തത്.

കലാപമുണ്ടാക്കാനുള്ള ആഹ്വാനത്തോടെ പ്രകോപനമുണ്ടാക്കിയതിനാണ്​ ഐ.പി.സി 153 പ്രകാരം പ്രകാരം കേ​സ്​. ഒരു പ്രത്യേക മതവിഭാഗമാണ്​ സ്​ഫോടനത്തിന്​ പിന്നിൽ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും ജനം ടി.വി പ്രചരിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കേസെടുത്തത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീഡിയോ വഴി വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുമരകം പോലീസാണ് കേസെടുത്തത്. കളമശേരി സംഭവത്തിന്റെ പശ്ചാതലത്തിൽ തയ്യാറാക്കിയ വീഡിയോ യു ട്യൂബിൽ കഴിഞ്ഞ ദിവസം ഇയാൾ അപ് ലോഡ് ചെയ്തിരുന്നു. ഷാജൻ സ്‌കറിയക്ക് എതിരെ കഴിഞ്ഞ ദിവസം പി.വി അൻവർ എം.എൽ.എയും രംഗത്തെത്തിയിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ് ചേന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!