ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിച്ച് ചികിത്സിക്കും – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴിന് ശേഷം അടച്ചിട്ട റഫ അതിർത്തി ആദ്യമായി തുറന്നു. ഇത് വഴി ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ ചികിത്സക്കായി ഈജിപ്തിലെത്തിക്കും. ഇരട്ട പാസ്​പോർട്ട് കൈവശമുള്ള ചില വിദേശ പൗരന്മാർക്കും പുറത്തു കടക്കാനാവുമെന്നാണ് കരുതുന്നത്.

ഇതിനിടെ ഗസ്സയിലേക്ക് പരിമിതമായ എണ്ണം സഹായ ട്രക്കുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് റഫ അതിർത്തി ഭാഗികമായി തുറന്നിരുന്നു. ഒക്ടോബർ 7 മുതൽ ഇതുവരെ 196 സഹായ ട്രക്കുകളാണ് ഗസ്സയിലേക്ക് പ്രവേശിച്ചത്.

 

 

 

അതിർത്തി തുറന്നതോടെ പരിക്കേറ്റവരേയും വഹിച്ച് നിരവധി ആംബുലൻസുകളും ഈജിപിത്തിലേക്ക് പുറപ്പെട്ട് തുടങ്ങി.  കൂടാതെ സഹായ ട്രക്കുകൾ ഗസ്സയിലേക്കും പ്രവേശിക്കുന്നുണ്ട്.

 

 

 

 

പരിക്കേറ്റവരെ സ്വീകരിക്കാനായി ഈജിപ്തിൽ ഫീൽഡ് ആശുപത്രികളും സജ്ജമായി.

 

 

 

അതേസമയം കഴിഞ്ഞ ദിവസം ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട്​ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്​ ഫലസ്​തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. എന്നാൽ ഹമാസ്​ നേതാവിനെ ലക്ഷ്യമിട്ടാണ്​ ജബലിയ ക്യാമ്പിന്​ ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം. ഇസ്രായേലിനെതിരെ കൂടുതൽ ശക്​തമായ ആ​ക്രമണം ഉണ്ടാകുമെന്ന്​ ഹിസ്​ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്.

ഇസ്രായേലിന് ബന്ദികളുടെ കാര്യത്തിൽ ഒരുവിധത്തിലുള്ള ആശങ്കയുമില്ലെന്നും ഗസ്സയിലെ നിരന്തരമുള്ള ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടേക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ബന്ദികളെ വിട്ടയക്കാമെന്ന് ഞങ്ങൾ അറിയിച്ചിട്ടും ഇസ്രായേൽ അത് കണക്കിലെടുക്കുന്നില്ലെന്നും ഹമാസ് വക്താവ് ഗാസി ഹമദ് ആരോപിച്ചു.

ഇസ്രായേലിന്റെ ആക്രമണവും കൂട്ടക്കൊലയും അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം അൽജസീറക്കു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. ജബലിയ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. അതിൽ മൂന്നുപേർ വിദേശപാസ്​പോർട്ടുകൾ കൈവശമുള്ളവരാണ്.

ഈജിപ്തിലെ സിനായ് ഉപദ്വീപിന്റെ അതിർത്തിയാണ് റഫ. ഫലസ്തീനികൾക്ക് ഗസ്സയിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക വഴിയാണിത്. ഗസ്സയുടെ കിഴക്കും വടക്കും ഇസ്രായേലിന്റെ അതിർത്തിയാണ്. പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലും. ഗസ്സയുടെ തെക്ക് ഈജിപ്ഷ്യൻ അതിർത്തിയാണ്. ഇസ്രായേലിനെ കൂടാതെ ഗസ്സ മുനമ്പുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഈജിപ്ത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!