ഊരാകുടുക്കിൽ നെതന്യാഹു; സൈന്യത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചത് പുലിവാലായി, രൂക്ഷവിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞു

ഗസ്സയിൽ വ്യോമാക്രമണം തുടരുന്നതിനിടെ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ സൈന്യത്തെ പഴിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും സൈന്യവും ഇന്റലിജൻസ് വിഭാഗവുമൊന്നും ഇതേക്കുറിച്ചുള്ള വിവരം നൽകിയില്ലെന്നുമാണ് നെതന്യാഹു ആക്ഷേപിച്ചത്. എന്നാൽ, മുൻ സൈനിക മേധാവിയും പ്രതിരോധമന്ത്രിയും ഉൾപ്പെടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെ പ്രസ്താവന പിൻവലിച്ചു പരസ്യമായി മാപ്പുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

പരസ്യമായി മാപ്പു പറഞ്ഞെങ്കിലും നെതന്യാഹുവിൻ്റെ വിമർശനത്തിന്റെ അലയൊലികൾ സേനക്കകത്തും പ്രതിരോധ മന്ത്രാലയത്തിലും കത്തി ജ്വലിക്കുകയാണ്. രൂക്ഷ വിമർശനവുമായി നെതന്യാഹുവിനെതിരെ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും രംഗത്തെത്തിയതിന് പിന്നാലെ സേനക്കുള്ളിലും വിഭാഗീയത രൂപപ്പെട്ടു. ഇത് വരും ദിവസങ്ങളിൽ ഏത് രീതിയിലായിരിക്കും പ്രതിഫലിക്കുക എന്നറിയാൻ കാത്തിരിക്കണം.

ശനിയാഴ്ച രാത്രി നടന്ന വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു ആദ്യം ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞത്. താൻ മാത്രമല്ല, എല്ലാവരും ഇക്കാര്യത്തിൽ പൊതുസമൂഹത്തോട് മറുപടി പറയേണ്ടതുണ്ടെന്നായിരുന്നു പ്രതികരണം. പിന്നാലെ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സൈന്യത്തെയും ഇന്റലിജൻസ് വിഭാഗത്തെയും പ്രതിക്കൂട്ടിലാക്കുകയായിരുന്നു.

ഹമാസ് യുദ്ധനീക്കം നടത്തുന്നതായുള്ള ഒരു മുന്നറിയിപ്പും ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫിസിനു ലഭിച്ചിട്ടില്ലെന്നാണ് എക്‌സിൽ അദ്ദേഹം ആരോപിച്ചത്. ഹമാസിനെ പിന്തിരിപ്പിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ഡയരക്ടറേറ്റ്, സുരക്ഷാ ഏജൻസിയായ ഷിൻ ബെത് എന്നീ വിഭാഗങ്ങളുടെ തലവന്മാർ ഉൾപ്പെടെയുള്ള പ്രതിരോധ വകുപ്പിലെ വൃത്തങ്ങളെല്ലാം വിലയിരുത്തിയത്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ പലതവണയായി പ്രതിരോധ വിഭാഗത്തിലെയും ഇന്റലിജൻസിലെയും വൃത്തങ്ങൾ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും സമർപ്പിച്ച നിഗമനമാണിതെന്നും എക്‌സിൽ നെതന്യാഹു ആരോപിച്ചു.

നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. രാജ്യം ഇപ്പോൾ യുദ്ധത്തിലാണെന്നും അതിലാണു ശ്രദ്ധയെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ഡാനിയൽ ഹഗാരി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് വസ്തുതകൾ പുറംലോകത്തിനു മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയ്ക്കുനേരെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുമ്പോൾ രാജ്യത്തിന്റെ നേതൃത്വം ഉത്തരവാദിത്തത്തോടെ പെരുമാറുകയും കൃത്യമായി ഇടപെടുകയും വേണമെന്ന് മുൻ മുൻ സൈനിക മേധാവിയും പ്രതിരോധമന്ത്രിയുമായ ബെന്നി ഗാന്റ്‌സ് പ്രതികരിച്ചു. കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ സൈന്യത്തിനു കരുത്തുനൽകുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. മറ്റുള്ള ഏതു നടപടിയും പ്രസ്താവനയും ജനങ്ങളുടെയും സൈന്യത്തിന്റെയും ശക്തി ക്ഷയിപ്പിക്കുകയാണു ചെയ്യുക. വിവാദ പ്രസ്താവന പിൻവലിക്കണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടു.

ഇസ്രായേൽ പ്രതിരോധസേന ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ പോരാടുമ്പോൾ അവരെ പിന്തുണക്കുന്നതിനു പകരം അവർക്കുമേൽ കുറ്റമാരോപിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ നടപടി സൈന്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ലാപിഡ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!