‘എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോഴായിരുന്നു സ്‌ഫോടനങ്ങൾ, ആളുകള്‍ ചിതറിയോടി, തീ പിടിച്ചവർ നിലക്ക് കിടന്ന് ഉരുണ്ടു’ – ദൃക്‌സാക്ഷികൾ

  • സ്ഫോടനം ഉണ്ടായത് മൂന്ന് തവണ.
  • ആളുകൾ പരിഭ്രാന്തരായി ചിതറി ഓടി.
  • തിക്കിലും തിരിക്കിലും പെട്ട് പലർക്കും പരിക്കേറ്റു.
  • തീ പിടിച്ച രണ്ട് പേർ നിലത്ത് കിടന്ന് ഉരുണ്ടതായി ദൃസാക്ഷികൾ.
  • കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കളമശ്ശേരിയിലേക്ക് പുറപ്പെട്ടു.
  • ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി.

 

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ മൂന്നുതവണ സ്‌ഫോടനമുണ്ടായെന്ന് ദൃസാക്ഷികൾ പറഞ്ഞു. രാവിലെ പ്രാര്‍ഥനക്കായുള്ള ഒരുക്കത്തിനിടെയായിരുന്നു ആദ്യ സ്‌ഫോടനമുണ്ടായതെന്നും പിന്നാലെ രണ്ടുതവണ കൂടി പൊട്ടിത്തെറിയുണ്ടായെന്നും പരിപാടിയിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.

‘പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറി ഉണ്ടായത്. ഹാളിൻ്റെ മധ്യഭാഗത്താണ് ആദ്യം പൊട്ടിത്തെറിയുണ്ടായത്‌. തൊട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലതുഭാഗത്ത് നിന്നും ഓരോ സ്‌ഫോടനം കൂടിയുണ്ടായി’- ദൃക്‌സാക്ഷികള്‍ പറയുന്നു.

മൂന്ന് ദിവസത്തെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സമാപിക്കാനിരിക്കെയായിരുന്നു പൊട്ടിത്തെറി. സ്ഫോടനം നടന്നതോടെ ഹാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ചിതറിയോടി. 2300ലേറെ പേർ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. സാമ്ര കൺവെൻഷനിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

‘പൊട്ടിത്തെറിച്ച് മുകളിലോട്ട് പോയി താഴേക്ക് വരുന്നതാണ് ആദ്യം കണ്ടത്. ശബ്ദം കേട്ടപ്പോൾ തന്നെ ആളുകളൊക്കെ ഞെട്ടി. എല്ലാവരും ചിതറി ഓടി. ഒരു സ്ത്രീയുടെ ചൂരിദാറിൽ തീപിടിച്ചു. ചിതറി ഓടുന്നതിനിടയിൽ ദേഹത്ത് തീപിടിച്ചു. തിരക്കിനിടയിൽ പലരും പെട്ടു’- ദൃക്സാക്ഷി പറയുന്നു. പരിക്കേറ്റവര്‍ക്കെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്‌. ദേഹമാസകലം പൊളളലേറ്റ ഒരാള്‍ തല്‍ക്ഷണം മരിച്ചു. ഹാളിലുണ്ടായിരുന്ന പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഒട്ടേറെപേര്‍ ആശുപത്രിയിലാണ്’, പരിപാടിയിൽ പങ്കെടുത്തവർ വിശദീകരിച്ചു.

പൊട്ടിത്തെറിക്കുന്ന യാതൊരു വസ്തുവും സ്ഥലത്തുണ്ടാിയിരുന്നില്ലെന്നും എല്ലാവരും വളരെ സുരക്ഷയോടെയാണ് ഹാളിൽ പ്രവേശിച്ചതെന്നും പരിപാടിയിൽ പങ്കെടുത്തവർ പറയുന്നു.

‘ഒരു സ്ഥലത്ത് പൊട്ടിത്തെറിച്ച് തൊട്ടു പിന്നാലെ മറ്റു സ്ഥലങ്ങളിലും പൊട്ടിത്തെറി ഉണ്ടായി. തിരിഞ്ഞു നോക്കിയപ്പോൾ ആകെ തീ പടർന്നിരിക്കുകയായിരുന്നു. തൊട്ടു ചേർന്നിരിക്കുന്ന രണ്ടുപേരുടെ ശരീരത്തിൽ തീപർടന്ന് നിലത്ത് കിടന്നുരുളുന്നതാണ് കണ്ടത്. തിക്കിലും തിരക്കിലും പെട്ട് പലരുടേുയും ഫോണുകളൊക്കെ നഷ്ടപ്പെട്ടു- ദൃക്സാക്ഷികൾ പറയുന്നു.

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഗ്യാസോ അങ്ങനെ എന്തെങ്കിലും വസ്തുക്കളോ അവിടെയുണ്ടായിരുന്നില്ല. ആകെ രണ്ട് ടി.വി.കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ പോലും ഇങ്ങനെ സ്‌ഫോടനമുണ്ടാകില്ലെന്നും നിലവില്‍ സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കു പുറപ്പെട്ടു. പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, സർജറി, ബേൺസ് യൂണിറ്റ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘമാണു രക്ഷാപ്രവർത്തനത്തിനു പുറപ്പെടുന്നത്.

നിലവിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം മാത്രമാണ് എറണാകുളം മെഡിക്കൽ കോളജ് ആവശ്യപ്പെട്ടിട്ടുള്ളത്. നഴ്സുമാർ അനുബന്ധ ജീവനക്കാർ അടക്കമുള്ളവരുടെ സംഘം തയാറായെങ്കിലും ഡോക്ടർമാർ മാത്രം എത്തിയാൽ മതി എന്നാണു കോട്ടയം മെഡിക്കൽ കോളജിനു ലഭിച്ചിരിക്കുന്ന വിവരം.

ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ബേൺസ് യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവയിൽ കൂടുതൽ ആളുകൾക്കു വിദഗ്ധ ചികിത്സ ഒരുക്കുവാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ പരുക്കേറ്റവരെ നിലവിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കുമോ എന്നു വിവരം ലഭിച്ചിട്ടില്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും കളമശേരി മെഡിക്കല്‍ കോളജിലെത്തും.

സ്ഥലം സന്ദർശിക്കാൻ ഉടൻ നാട്ടിലെത്തുമെന്ന് ഡൽഹിയിൽ നിന്നും മന്ത്രി പി.രാജീവ് അറിയിച്ചു. പൊലീസ് കമ്മിഷണറുമായി സംസാരിച്ചതായും അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങൾ പറയാൻ കഴിയു എന്നും മന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി. രാജീവ് ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലാണ്.

കളമശ്ശേരി സ്‌ഫോടനം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവൂ. ഡി.ജി.പി അടക്കമുള്ളവർ കളമശ്ശേരിയിലെത്തും. മറ്റു കാര്യങ്ങളെല്ലാം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
error: Content is protected !!