മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം: സുരേഷ് ഗോപി ക്ഷമ ചോദിച്ചു, നിയമ നടപടികളുമായി മുന്നോട്ട് പോകുമന്ന് മാധ്യമ പ്രവർത്തക

അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ സംഭവം നടന്നതിനാൽ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി അറിയിച്ചു.

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാധ്യമപ്രവർത്തക വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി തോളിൽ സ്പര്‍ശിച്ചുകൊണ്ട് മറുപടി പറഞ്ഞതെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു. ആ സമയത്തു തന്നെ കൈ തട്ടി മാറ്റി എന്നും സംഭവം തനിക്ക് മാനസിക പ്രശ്നമുണ്ടാക്കിയെന്നും അവർ പറഞ്ഞു.

‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹം മോളെ എന്നു വിളിക്കുകയും തോളിൽ തഴുകുകയും ചെയ്തത്. ആ സമയത്ത് എനിക്കു പെട്ടെന്ന് ഷോക്കായി പോയി. എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റാൻ വേണ്ടിയാണ് ഞാൻ പിന്നിലേക്കു വലിഞ്ഞത്. ഞാൻ മാധ്യമപ്രവർത്തകയായതിനാൽ എനിക്കതിൽ തുടർ ചോദ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹത്തോട് ചോദ്യം ചോദിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി എന്റെ തോളിൽ കൈവച്ചത് എനിക്ക് സഹിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല. എനിക്കത് കംഫർട്ട് ആയിരുന്നില്ല. ഞാൻ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോട് ചോദ്യം ചോദിക്കാനാണ്. അല്ലാതെ മറ്റൊരു സൗഹൃദ സംഭാഷണത്തിനല്ല.’’– മാധ്യമപ്രവർത്തക പറഞ്ഞു.

സംഭവം മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ‘‘പലതവണ ആലോചിച്ചപ്പോഴും ഇതൊരു ശരിയായ പ്രവണത അല്ലെന്നു തന്നെയാണ് എനിക്കു തോന്നിയത്. മുൻപും പല മാധ്യമപ്രവർത്തകരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ പ്രശ്നത്തെ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഞാൻ അഭിസംബോധന ചെയ്യേണ്ടതുണ്ട്.  15 വർഷത്തിനു മുകളിലായി ഈ മേഖലയിൽ നിൽക്കുന്ന ആളാണ് ഞാൻ. അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടിക്കു പോകും.’’– അവർ പറഞ്ഞു.

സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ നടത്തിയ മാപ്പപേക്ഷ തന്റെ ശ്രദ്ധയിൽപ്പെട്ടതായും മാധ്യമപ്രവർത്തക പ്രതികരിച്ചു. ‘‘ചെയ്തത് തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കണം. എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചതായാണ് എനിക്കു തോന്നിയത്. അതുകൊണ്ടായിരുന്നു അങ്ങനെയൊരു പ്രതികരണം. മാപ്പുപറച്ചിലായിട്ടല്ല. അത് വിശദീകരണമായാണ് തോന്നിയത്. അദ്ദേഹം എന്ത് ഉദ്ദേശിച്ചു എന്ന് എനിക്കറിയില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അപമാനിക്കപ്പെട്ടു. അതുകൊണ്ടു തന്നെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം.’’– മാധ്യമപ്രവർത്തക വ്യക്തമാക്കി.

 

മാധ്യമങ്ങളുടെ മുന്നിൽവച്ച് വാത്സല്യത്തോടെയാണ് ഷിദയോട് പെരുമാറിയതെന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ കുട്ടിക്ക് എന്തു തോന്നിയോ അതിനെ മാനിക്കണമെന്നാണു തന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്കു മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

 

മാധ്യമ പ്രവർത്തകയുടെ വാക്കുകൾ:

കഴിഞ്ഞ ദിവസം ശശി തരൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചാണ് സുരേഷ് ഗോപിയോട് പ്രതികരണം തേടിയത്. ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അതിന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. പിന്നീടാണ് തൃശൂര് മത്സരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചു ചോദിച്ചത്. അതിനിടെയാണ് മോളെ എന്നു വിളിച്ചുകൊണ്ട് എന്‍റെ തോളില്‍ തഴുകുകയും ചെയ്തത്. ആ സമയത്ത് ഞാന്‍ ഭയങ്കരമായ രീതിയില്‍ പെട്ടെന്ന് ഷോക്കായി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ആ സമയത്ത് തന്നെ ഞാന്‍ പിന്നോട്ടുവലിയുകയും ചെയ്തു. കയ്യെടുത്തു മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ പിന്നോട്ടു വലിഞ്ഞത്. 

ഒരു മാധ്യമപ്രവര്‍ത്തകയായതുകൊണ്ട് തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്‍റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു.മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. പിന്നീട് ഞാന്‍ കയ്യെടുത്തു മാറ്റി. ഇത് ശരിയായ പ്രവണതയല്ല. പതിനഞ്ച് വര്‍ഷത്തിലധികമായി ഞാന്‍ മാധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. തെറ്റാണ് എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്.അതൊരു മാപ്പ് പറച്ചിലായി തോന്നുന്നില്ല, ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയൊരു മാധ്യമപ്രവര്‍ത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവമാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!