ജിദ്ദ സമൂഹത്തിന് പുത്തനുണർവേകി പ്രൊ. ഗോപിനാഥ് മുതുകാട്

ജിദ്ദ : വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) ജിദ്ദ കൌൺസിൽ സംഘടിപ്പിച്ച സന്തുഷ്ട കുടുംബം നാളെയുടെ ഭാവി എന്ന ശീർഷകത്തിൽ നടത്തപ്പെട്ട കുടുംബ സദസ്സ് ജനസാഗരമായി മാറി.  ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, പരിപാടിയുടെ പ്രയോജകരായിരുന്ന മുഴുവൻ സ്ഥാപന പ്രതിനിധികൾ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി ഫറ മസൂദ്, സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ മഹനീയ സാന്നിധ്യംകൊണ്ട് സമ്പുഷ്ടമായിരുന്നു സദസ്സ്.  ആദ്യാവസാനം അച്ചടക്കത്തോടെ ശ്രവിച്ചും വീക്ഷിച്ചുമുള്ള സദസ്സ് എന്ന പ്രത്യേകതയും പരിപാടിക്കുണ്ടായിരുന്നു.

 

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (ബോയ്സ്) ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന മെഗാ പരിപാടിയിൽ പ്രൊ. ഗോപിനാഥ് മുതുകാട് കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് മാതാപിതാക്കളാണെന്നും കുട്ടികളുടെ റോൾ മോഡൽ ഇപ്പോഴും അവരുടെ മാതാപിതാക്കൾ ആണെന്ന് പറയുന്ന ഒരു വ്യവസ്ഥിതിയിലേക്ക് സമൂഹത്തെ മാറ്റുന്നത് അവരവരുടെ കുടുംബത്തിൽ നിന്നാണെന്നും മുതുകാട് ഉത്‌ബോധിപ്പിച്ചു. അവനവൻ വഴിവിട്ടൊ സമൂഹത്തിന് വിയോജിപ്പുള്ള ഒരു പ്രവൃത്തിയിലും ഉൾപ്പെടില്ല എന്ന ദൃഢ നിയച്ചയമായിരിക്കണം ഓരോ മനുഷ്യനും ഉണ്ടാവേണ്ടതെന്നും അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.

 

 

ഏവർക്കും അറിയുന്നതുപോലെ അദ്ദേഹം ഇന്ന് മാജിക് ഷോ അവസാനിപ്പിച്ച്  നിലകൊള്ളുന്നത് വിഭിന്ന ശേഷിക്കാരായിട്ടുള്ള 300 ൽ ഏറെ കുട്ടികളുടെ പിതാവായിട്ടാണെന്നും അതിലേക്കു നയിച്ച കാര്യകാരണങ്ങൾ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു.  തുടർന്ന് ഇത്തരം കുട്ടികൾ അധിവസിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന സമഗ്ര കലാകേന്ദ്രത്തെ കുറിച്ചും വിശദീകരിച്ചു, അവരുടെ കലാപരമായ കഴിവുകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഭിന്നശേഷിയുള്ള സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ കേന്ദ്രം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ചും അദ്ദേഹം സദസിനോട് വിവരിച്ചു.

 

വൈവിധ്യംകൊണ്ടും മേന്മകൊണ്ടും വേദിയിൽ അവതരിപ്പിക്കപ്പെട്ട കലാപരിപാടികൾ സദസിനെ ആദ്യാവസാനം ഉപവിഷ്ടരാക്കാൻ സംഘാടകർക്ക്‌ കഴിഞ്ഞു എന്നത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പുഷ്പ സുരേഷ്, അൻഷിഫ് അബൂബക്കർ. ഷാനി ഷാനവാസ്, ദീപിക സന്തോഷ് തുടങ്ങിയവർ ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ, കാലത്തിന്റെ ആവശ്യകതയിലൂന്നി  മയക്കുമരുന്നിനെതിരെ പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാർ വട്ടപ്പൊയിൽ സംവിധാനം ചെയ്ത പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കടയുടെ ദുസ്വപ്ന ദേവത എന്ന കവിത ദൃശ്യാവിഷ്‌കാരം സദസിനു ഏറെ ഹൃദ്യമായിരുന്നു. ഡബ്ലിയു എം എഫ് അംഗങ്ങളായിട്ടുള്ള മിർസ ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, വിജിഷ ഹരീഷ്, ജോബി തേരകത്തിനാൽ, വിവേക് പിള്ള എന്നിവർ ഗാനങ്ങൾ ആലപിച്ചു.

 

മുഹമ്മദ് ബൈജു,  പ്രിയ സന്ദീപ്, ബഷീർ പരുത്തികുന്നൻ, യൂനുസ് കാട്ടൂർ, വിലാസ് അടൂർ, ബാജി നെല്പുരയിൽ, ഷിബു ജോർജ്, ജാൻസി മോഹൻ, റൂബി സമീർ, സോഫിയ ബഷീർ, സുശീല ജോസഫ്, നൗഷാദ് കാളികാവ്, സന്ദീപ്, നൗഷാദ് അടൂർ, റെജികുമാർ, സന്തോഷ് ജോസഫ്,  നൗഷാദ് കാളികാവ്, നിഷ ഷിബു, എബി ചെറിയാൻ, വേണുഗോപാൽ അന്തിക്കാട്, ഷിബു ചാലക്കുടി, പ്രിയ റിയാസ്,  സമീർ കുന്നൻ, ശിവാനന്ദൻ, റിയാസ് കള്ളിയത്, റീജ ഷിബു, നിഷ ഷിബു, എബി ജോർജ്, മുഹമ്മദ് സുബൈർ,  ജോയിക്കുട്ടി, എന്നിവർ വിവിധ തലങ്ങളിൽ നിന്നുകൊണ്ട് പരിപാടികൾ നിയന്ത്രിച്ചു.

 

ചടങ്ങിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗോപിനാഥ് മുതുകാടിനു ഫലകം നൽകി ആദരിച്ചു, മറ്റൊരു പ്രഭാഷകനായിരുന്ന കാജ യമുനുദ്ദിനെയും ആദരിച്ചു. അതോടൊപ്പം ഡോ വിനീത പിള്ള, മോഹൻ ബാലൻ അവരുടെ പ്രവർത്തന മികവിനെ പരിഗണിച്ചു ആദരവ് നൽകി. പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ എഫ് എസ് സി & മൾട്ടി സിസ്റ്റം ലോജിസ്റ്റിക് മാനേജിങ് ഡയറക്ടർ ഷബീറിനെ ഫലകം നൽകികൊണ്ട് ഡബ്ലിയു എം എഫ് നുള്ള  നന്ദി അറിയിച്ചു. മുതുകാട് പരിപാലിച്ചു വരുന്ന കുട്ടികളിൽ ഒരു കുട്ടിയുടെ ഒരു വർഷത്തേക്കുള്ള ചെലവ് ഡബ്ലിയു എം എഫ് നുവേണ്ടി മുഹമ്മദ് ബൈജു ഏറ്റെടുത്തുകൊണ്ടുള്ള വിഹിതത്തിന്റെ ചെക്ക് ചടങ്ങിൽ മുതുകാടിനു കൈമാറി.

 

 

ഈ മെഗാ പരിപാടിയോടനുബന്ധിച് അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച നടത്തിയ “മയക്കുമരുന്നല്ല, ജീവിതം തിരഞ്ഞെടുക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഡ്രോയിങ് മത്സരത്തിൽ മേഘ സജീവ്കുമാർ, ഫിൽസ മൻസൂർ, റിമ ഫാത്തിമ എന്നിവർ ക്രമാതീതമായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അവർക്കുള്ള സമ്മാനദാനവും വേദിയിൽവെച്ച് നൽകപ്പെട്ടു.

 

ഡബ്ലിയു എം എഫ് ജിദ്ദ കൌൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ച സാംസ്കാരിക യോഗം ജിദ്ദ ഇന്ത്യൻ കോൺസൽ ശ്രീ മുഹമ്മദ് ഹാഷിം (ലേബർ, പ്രസ് & ഇൻഫർമേഷൻ) ഔദ്യോധിക ഉദ്ഘാടനം നിർവഹിച്ചു, ഡബ്ലിയു എം എഫ് ഗ്ലോബൽ ചെയർമാൻ ശ്രീ പ്രിൻസ് പള്ളിക്കുന്നേൽ, പ്രസിഡന്റ് ശ്രീ രത്‌നകുമാർ, കോർഡിനേറ്റർ  പൗലോസ് തേപ്പാല എന്നിവർ വീഡിയോയിലൂടെയും, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞു വേദിയിലും ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കൺവീനർ വർഗ്‌ഗീസ്‌ ഡാനിയൽ പരിപാടിയെ സംബന്ധിച്ചും, മോഹൻ ബാലൻ ഡബ്ലിയു എം എഫ് നെ സംബന്ധിച്ചും, മുസാഫിർ ഏലംകുളം മുതുകാടിനെ സംബന്ധിച്ചും വിശദീകരിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും ഖജാൻജി സജി കുര്യാക്കോസ് നന്ദിയും പ്രകാശിപ്പിച്ചു. സുചിത്ര രവി, മനോജ് മാത്യു അടൂർ എന്നിവർ അവതാരകായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!