ഹിജാബ് നിരോധനത്തിൽ ഇളവ്; വാക്കുപാലിച്ച് കർണാടക സർക്കാർ, മത്സര പരീക്ഷകളില്‍ ഹിജാബ് ധരിക്കാം

കർണാടകയിൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു.

ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറഞ്ഞു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി  എം.സി. സുധാകർ ചൂണ്ടിക്കാട്ടി. മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് വി​ദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് “സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2021 ഡിസംബറിൽ ഉഡുപ്പിയിലെ സ്വകാര്യ കോളേജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് പെൺകുട്ടികളെ ക്ലാസുകളിൽ നിന്ന് തടഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നത്.

പെൺകുട്ടികൾ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. കർണാടക ഹൈകോടതി ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്നീട് ശരിവെക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഈ വിധിയെ ചോദ്യം ചെയ്ത് പെൺകുട്ടികൾ രം​ഗത്തെത്തിയതോടെ ഭിന്നാഭിപ്രായങ്ങളായിരുന്നു കോടതി മുന്നോട്ടു വെച്ചത്. സംഭവം ചീഫ് ജസ്റ്റിസിൻ്റെ പരി​ഗണനക്കയക്കുമെന്നും പുതിയ ബെഞ്ച് രൂപീകരിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല.

മേയിൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ നിരോധനം പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലീം വനിതാ എം.എൽ.എ കനീസ് ഫാത്തിമ പറഞ്ഞിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!