സൗദിയിൽ വാഹനങ്ങൾക്ക് വാർഷിക ഫീസ് ഈടാക്കി തുടങ്ങി

സൗദിയിൽ വാഹനങ്ങളുടെ ഇന്ധനക്ഷമതക്കനുസരിച്ച് വാഹന രജിസ്ട്രേഷൻ ലൈസൻസ് (ഇസ്തിമാറ) നൽകുന്നതിനും പുതുക്കുന്നതിനും വാർഷിക ഫീസ് ഈടാക്കി തുടങ്ങി. 50 റിയാൽ മുതൽ 190 റിയാൽ വരെയാണ് ഫീസ് ഈടാക്കുന്നത്. ഒക്‌ടോബർ 22 ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 2024 മോഡൽ പുതിയ ലൈറ്റ് വാഹനങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ വാർഷിക ഫീസ് ഈടാക്കുകയെന്ന് സൌദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 ഓഗസ്റ്റിൽ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചത് പ്രകാരമാണ് വാഹനങ്ങളുടെ ഇന്ധനക്ഷമത അനുസരിച്ച് വാർഷിക ഫീസ് ഈടാക്കാനുള്ള തീരുമാനം.

എന്നാൽ അടുത്ത വർഷം മുതൽ രണ്ടാംഘട്ടം പ്രാബല്യത്തിൽ വരും. അന്ന് മുതൽ എല്ലാ ലൈറ്റ്, ഹെവി വാഹനങ്ങൾക്കും വാർഷിക ഫീസ് ബാധകമാകും. രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് വാർഷിക ഫീസ് കണക്കാക്കുക. വാഹനങ്ങളുടെ എഞ്ചിൻ കപ്പാസിറ്റിയും ഇന്ധനക്ഷമതയുമാണ് മാനദണ്ഡം. 2015 മോഡലിലുള്ള എല്ലാ ലൈറ്റ് വാഹനങ്ങളുടേയും, 2015 ന് മുമ്പുള്ള ഹെവി വാഹനങ്ങളുടേയും എഞ്ചിൻ കപ്പാസിറ്റി മാനദണ്ഡമാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാൽ 2016 ഉം അതിന് ശേഷവുമുള്ള ലൈറ്റ് വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ് ഫീസ് നിശ്ചയിക്കാൻ മാനദണ്ഡമാക്കുക.

ഇന്ധന ഉപഭോഗക്ഷമതയനുസരിച്ച് ഫീസ് അഞ്ച് വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. കുറഞ്ഞ അളവിൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വാർഷിക ഫീസ് ഈടാക്കില്ല.

 

 

വാഹനത്തിൻ്റെ മോഡൽ 2014നും 2016നും ഇടയിലാണെങ്കില്‍ 50 റിയാലും, 2012നും 2014നും ഇടയിലാണെങ്കില്‍ 85 റിയാലും, 2010നും 2012നും ഇടയിലാണെങ്കില്‍ 130 റിയാലും, 2010ന് മുമ്പുള്ളതാണെങ്കിൽ 190 റിയാലുമാണ് വാര്‍ഷിക ഫീസ് അടക്കേണ്ടത്.

2015 നും അതിനുമുമ്പും നിർമ്മിച്ച ലൈറ്റ് വാഹനങ്ങൾക്ക്  എഞ്ചിൻ കപ്പാസിറ്റി അനുസരിച്ചാണ് ഫീസ് നിർണ്ണായിച്ചിരിക്കുന്നത്. 1.9 ല്‍ താഴെ ശേഷിയുള്ള എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് ഫീസില്ല. 1.91 മുതല്‍ 2.4 വരെ ശേഷിയാണെങ്കില്‍ 50 റിയാലും, 2.41 മുതല്‍ 3.2 വരെ ശേഷിയാണെങ്കില്‍ 85 റിയാലും, 3.21 മുതല്‍ 4.5 വരെ ശേഷിയുള്ളവക്ക് 130 റിയാലും, 4.5 ന് മുകളിലാണെങ്കില്‍ 190 റിയാലുമാണ് ഫീസ് അടക്കേണ്ടിവരിക.

 

ഓരോരുത്തരുടേയും വാഹനങ്ങളുടെ വാർഷിക ഫീസ് എത്ര എന്ന് https://markabati.saso.gov.sa/app/calculate ഈ ലിങ്ക് വഴി പരിശോധിക്കാം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!