ഗസ്സയിൽ ഇന്നലെ രാത്രി ഇസ്രായേൽ നടത്തിയത് അതിക്രൂര ആക്രമണം; കൊല്ലപ്പെട്ടത് 400ലധികം പേർ – വീഡിയോ

ആക്രമണം കനപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കഴിഞ്ഞ രാത്രിയില്‍ ഗസ്സയിലുടനീളം ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രി 400ലധികം പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജബലിയ്യ അഭയാർഥി ക്യാമ്പിൽ മാത്രം 30 പേർ കൊല്ലപ്പെട്ടു. ആശുപത്രികള്‍ക്ക് നേരെയും സമീപ പ്രദേശങ്ങളിലുമടക്കം ഇസ്രയേല്‍ കടുത്ത ബോംബാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ ഷിഫ, അല്‍ ഖുദ്‌സ്, ഇന്‍ഡോനേഷ്യന്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്ക് സമീപമാണ് ഇന്നലെ ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 

 

 

 

 

 

 

 

ഗസ്സയിൽ ഇത് വരെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4700 കടന്നു. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളിൽ പലതും പ്രവർത്തനം നിർത്തേണ്ട സ്ഥിതിയിലാണ്.

ഇന്ധനലഭ്യത കുറഞ്ഞതോടെ ഗസ്സയിലെ അല്‍-ഷിഫ ആശുപത്രി യഥാര്‍ത്ഥ ദുരന്തം അഭിമുഖീകരിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ‘വടക്കന്‍ ഗസ്സയിലെ അല്‍-ഷിഫ ആശുപത്രി ‘യഥാര്‍ത്ഥ ദുരന്തത്തിന്റെ’ വക്കിലാണ്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ധനം തീര്‍ന്നേക്കും. ഓരോ മിനിറ്റിലും പരിക്കുകളുമായി ആളുകള്‍ എത്തുകയാണ്. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറും’, ആശുപത്രി ഡയറക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.

 

 

 

 

ഗസ്സയിലെ എല്ലാ ആശുപത്രികളിലും ഇന്ധനക്ഷാമം നേരിടുന്നുണ്ട്. സഹായങ്ങള്‍ക്കായി ഈജിപ്തില്‍ നിന്നുള്ള റഫ അതിര്‍ത്തി തുറന്നിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള ഇന്ധനം ഇതുവരെ ലഭ്യമായിട്ടില്ല. വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററിലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായിരിക്കെ, ലബനാൻ അതിർത്തി പ്രദേശങ്ങളിൽനിന്ന് പുതുതായി പതിനായിരങ്ങളെ ഇസ്രായേൽ ഒഴിപ്പിക്കുകയാണ്. യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഇന്ന് വീണ്ടും വെടിനിർത്തൽ പ്രമേയം ചർച്ചക്കെത്തും.

ഇതിനിടെ, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചാത്യ രാജ്യങ്ങള്‍ പ്രസ്താവനയിറക്കി. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ഇസ്രയേലിനോട് ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍തന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രസ്താവനയില്‍ ഊന്നിപ്പറയുന്നു.

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കൂടുതൽ കടുപ്പിച്ചതോടെ മരണസംഖ്യയും ഉയരുകയാണ്. ഞായറാഴ്ചയും കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. തെക്കൻ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങൾക്കും അഭയാർഥികൾ തങ്ങുന്ന സ്‌കൂളുകൾക്കും നേരെ ആക്രമണമുണ്ടായി. റഫ അതിർത്തി മുഖേന പരിമിതമായ തോതിൽ ഇന്നലെയും സഹായം എത്തിയെങ്കിലും വലിയ മാനുഷിക ദുരന്തത്തിലേക്ക് തന്നെയാണ് ഗസ്സനീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനൽ ഡയരക്ടർ പറഞ്ഞു.

 

 

ആരോഗ്യമേഖല ശരിക്കും തകർച്ചയിലാണ്. ഗസ്സയിലെ 35 ആശുപത്രികളിൽ 20 എണ്ണത്തിന്റെയും പ്രവർത്തനം നിലച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനം എത്തിയില്ലെങ്കിൽ ആയിരത്തിലേറെ കിഡ്‌നി രോഗികൾ മരണപ്പെടുമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഹമാസ് പോരാളികളുടെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

 

 

ഇതിനിടെ ബന്ദികളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ ഇസ്രായേൽ പ്രസിഡന്റിന്റെ വസതിക്കു മുന്നിൽ പ്രകടനം നടന്നു. ഖത്തറും തുർക്കിയും മുൻകൈയെടുത്ത് ബന്ദികളുടെ മോചന ചർച്ചകൾ തുടരുന്നതായ റിപ്പോർട്ടുകളുണ്ട്. കരയുദ്ധം നീളുന്നത് ബന്ദി പ്രശ്‌നം മുൻനിർത്തിയാണെന്ന റിപ്പോർട്ടുകൾ പക്ഷെ, ഇസ്രായേൽ സൈന്യം തള്ളി. അമേരിക്ക ഉൾപ്പെടെ ഒരു രാജ്യത്തിന്റെയും സമ്മർദം ഇക്കാര്യത്തിൽ ഇല്ലെന്നും സൈനിക വക്താവ് പറഞ്ഞു.

മാസങ്ങൾ വേണ്ടിവന്നാലും ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം തുടരുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.അതിനിടെ ഷെല്ലാക്രമണത്തിൽ ഒമ്പത് ഈജിപ്ത് സൈനികർക്ക് പരിക്കേറ്റ സംഭവത്തിൽ ഇസ്രായേൽ മാപ്പ് പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണിതെന്ന് സൈന്യം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!