നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങൾ, ബൈഡനുമായി ചർച്ചയില്ല; നിർണായക സന്ദർശനത്തിന് അമേരിക്കൽ പ്രസിഡൻ്റ് ഇസ്രയേലിലേക്ക്
ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനമായിരുന്നുവെങ്കിലും, ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.
പലസ്തീനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അറബ് രാജ്യങ്ങൾ വളരെ ശക്തമായാണ് പ്രതികരിച്ചത്. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കൊടുവിലും വെടിനിർത്തലിന് തയാറാവാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ ആക്രമണത്തെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. നിരപരാധികളെയും സ്കൂളുകളും ആശുപ്രത്രികളും ആക്രമിക്കുന്ന ഇസ്രയേൽ നടപടി പ്രകോപനം കൂട്ടുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
مواجهات بين متظاهرين فلسطينيين في رام الله وقوات الأمن التابعة للسلطة الفلسطينية بعد ارتكاب الاحتلال مجزرة في مستشفى المعمداني بغزة#حرب_غزة #الأخبار pic.twitter.com/6NwwPh50QI
— قناة الجزيرة (@AJArabic) October 17, 2023
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ഇത് തടയാൻ ഇടപെടലുണ്ടാവാത്തതിലും രോഷം ശക്തമാണ്. അമേരിക്ക ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളിലെല്ലാം നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും, മരുന്നും സഹായങ്ങളുമെത്തിക്കാനുള്ള പാത തുറക്കാനുമായിരുന്നു സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്. ഇതിനായി സൗദി വെടിനിർത്തലുമാവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനിടയിലും ക്രൂരമായ ആക്രമണം തുടരുന്നത് അറബ് സമൂഹത്തെയാകെ പ്രകോപിപ്പിച്ചിട്ടുണ്ട്.
നിരപരാധികൾ കൊല്ലപ്പെട്ട ആക്രമണത്തിൽ സൗദിയുടേത് ശക്തമായ പ്രതികരണം. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നും, പക്ഷപാതിത്വമവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ പ്രസ്താവനയാണ് സൗദിയുടേത്. ആക്രമണം നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തർ വിശേഷിപ്പിച്ചു.
യുഎഇ ഉൾപ്പടെ പ്രധാന രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. പലസ്തീന് 10 കോടി ഡോളർ അടിയന്തര സഹായം നൽകാൻ ജിസിസി രാജ്യങ്ങളുടെ മന്ത്രിതല കൗൺസിൽ തീരുമാനിച്ചു. സൈനിക നടപടി നിർത്തി വെയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക