കൊടും ക്രൂരത വീണ്ടും.. ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേലിൻ്റെ ബോംബാക്രമണം; 500 ലേറെ പേർ കൊല്ലപ്പെട്ടു – വീഡിയോ

ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ  നടത്തിയ ബോംബാക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ  അൽ അഹ് ലി ആശുപത്രിക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്. ഇതുൾപ്പെടെ ഗസ്സയിൽ ഇത് വരെ 3500 ലധികം ആളുകൾ കൊല്ലപ്പെട്ടതായും, 1200 ലേറെ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങി കിടിക്കുന്നതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ നടത്തി വരുന്ന ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ഫലസ്തീനികളെ ചികിത്സിച്ച് കൊണ്ടിരുന്ന ആശുപത്രിക്ക് നേരെയാണ്  ആക്രമണമുണ്ടായത്. ‘ആശുപത്രിക്ക് നേരെയുണ്ടായ ആക്രണത്തിലൂടെ ഇസ്രായേൽ അധിനിവേശ ​സൈന്യം യുദ്ധക്കുറ്റം ചെയ്തുവെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് മേധാവി സലാം മറൂഫ് പറഞ്ഞു. വീടുകളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് ആളുകളും രോഗികളും പരിക്കേറ്റവരും ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാളെ അമേരിക്കൽ പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കാനിരിക്കെയാണ് ഇന്ന് ക്രൂരമായ ആക്രമണമുണ്ടായത്. ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കാൻ അനുവദിക്കുമെന്ന ഉറപ്പ് ഇസ്രായേലിൽ നിന്ന് ബൈഡന് ലഭിച്ചെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ബൈഡൻ്റെ ഇസ്രായേൽ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ലോകം ഉറ്റു നോക്കിയിരുന്നത്. അതിനിടയിലാണ് ആശുപത്രിക്ക് നേരെയുള്ള  ക്രൂരമായ ആക്രമണം.

 

 

 

 

 

 

 

 

 

ഇതുവരെ റഫാ അതിർത്തി തുറക്കാത്തതിനാൽ ഗസ്സ നരകയാതനയാണ് അനുഭവിക്കുന്നത്. ഇസ്രായേൽ മുന്നറിയിപ്പ് പ്രകാരം തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തവരും ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിന് ഇരയായി. അതേസമയം ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല- ഇസ്രായേൽ സംഘർഷം രൂക്ഷമായി. സുരക്ഷ മുൻനിർത്തി അഞ്ച് വിമാനങ്ങൾ ഇസ്തംബൂളിലേക്ക് മാറ്റിയെന്ന് ലബനാൻ അറിയിച്ചു.

ഇസ്രായേൽ ആക്രമണത്തിൽ നാല് ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു. ലബനാൻ ഹിസ്ബുല്ലയുടെ ബന്ദിയാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഹിസ്ബുല്ലയുടെ ആക്രമണം നേരിടാൻ സജ്ജമെന്നും ഇസ്രായേൽ വ്യക്തമാക്കി. ലെബനാൻ അതിർത്തിയിലേക്ക് ഇസ്രയേൽ കൂടുതൽ സൈനികരെ നിയോഗിച്ചു. ശക്തമായ ആക്രമണമാണ് ഹിസ്ബുല്ല ഇസ്രായേലിന് നേരെയും നടത്തുന്നത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!