‘വ്യാജ വാർത്തകളിലൂടെ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമിക്കുന്നു’; ഫലസ്തീൻ ബാലൻ്റെ ക്രൂരകൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി ബൈഡൻ
വാഷിങ്ടൺ: ഇല്ലിനോയ്‌സിൽ ആറു വയസുള്ള മുസ്‌ലിം ബാലന്റെ വിദ്വേഷക്കൊലയിൽ നടുക്കം രേഖപ്പെടുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഫലസ്തീൻ മുസ്‍ലിം കുടുംബത്തിനുനേരെ നടന്ന വിദ്വേഷക്കുറ്റ കൃത്യമാണിത്. ഇസ്‌ലാമോഫോബിയയ്ക്കും ഇത്തരത്തിലുള്ള മുഴുവൻ മതഭ്രാന്തിനെയും വിദ്വേഷങ്ങളെയും ഒന്നിച്ചെതിർക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
”ഇന്നലെ ഇല്ലിനോയ്‌സിൽ ഒരു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയും കുട്ടിയുടെ മാതാവിനെ കൊലചെയ്യാൻ ശ്രമിക്കുകയും ചെയ്ത വാർത്ത ഞാനും ജില്ലും (പ്രഥമ വനിത ജിൽ ബൈഡൻ) വേദനയോടെയാണ് അറിയുന്നത്. കുടുംബത്തോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളുണ്ട്. അനുശോചനം രേഖപ്പെടുത്തുകയാണ്. ഫലസ്തീൻ മുസ്‌ലിം കുടുംബത്തിനെതിരായ ഈ വിദ്വേഷനടപടിക്ക് അമേരിക്കയിൽ സ്ഥാനമില്ല”-ബൈഡൻ ട്വീറ്റ് ചെയ്തു.
ഇത്തരം ഇസ്‌ലാമോഫോബിയയും എല്ലാതരത്തിലുമുള്ള വിദ്വേഷ-മതഭ്രാന്തിനെയുമെല്ലാം നമ്മൾ അമേരിക്കക്കാർ ഒന്നിച്ചു തള്ളിക്കളയണം. വിദ്വേഷത്തിനു മുന്നിൽ നിശബ്ദമായിരിക്കാൻ കഴിയില്ലെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു സംശയവും അരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇല്ലിനോയ്‌സിലെ ചിക്കാഗോയിൽ ലോകത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. ഇസ്രായേൽ അനുകൂലിയായ ജോസഫ് എം. ചൂബ(71)യാണ് തന്റെ വീട്ടിൽ താമസിച്ചിരുന്ന ഫലസ്തീൻ കുടുംബത്തെ ആക്രമിച്ചത്. ആറു വയസുള്ള വദീഅ അൽ ഫയ്യൂം ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. 26 തവണയാണ് ജോസഫ് കുട്ടിയെ കത്തി കൊണ്ട് കുത്തിയത്. നിരവധി തവണ കുത്തേറ്റ കുട്ടിയുടെ മാതാവ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയെ വിദ്വേഷക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് മുസ്ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങൾ മുസ്ലിംകൾ മരിക്കണം’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ പ്രകോപിതനായാണു ക്രൂരമായ ആക്രമണമെന്നാണു മനസിലാക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീനെതിരായി വരുന്ന തെറ്റായ വാർത്തകളാണ് ഇത്തരം പ്രകോപനങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഹമാസ് നാൽപ്പതോളം ഇസ്രായീല്യരായ കുട്ടികളുടെ തല അറുത്തെന്ന വാർത്ത വലിയ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. താൻ ആ ദൃശ്യം കണ്ടെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പറഞ്ഞിരുന്നു. എന്നാൽ ഒരു കുട്ടിയെയെങ്കിലും ആക്രമികുന്ന വീഡിയോ പുറത്ത് വിടാമോ എന്ന ഹമാസിൻ്റെ ചോദ്യത്തിന് മുന്നിൽ ബൈഡനും ഇസ്രായേലും വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളും മുട്ടുമടക്കി. ഒടുവിൽ അങ്ങിനെ ഒരു വീഡിയോ കണ്ടിട്ടില്ലെന്ന് ബൈഡൻ്റെ വൈറ്റ് ഹൌസിന് വ്യക്തമാക്കേണ്ടി വന്നു. വാർത്ത റിപ്പോർട്ട് ചെയ്ത സിഎൻഎൻ റിപ്പോർട്ടർ തൊട്ടടുത്ത ദിവസം പരസ്യമായി മാപ്പ് പറയുകയും ചെയ്തു.
ഇന്ത്യയിൽ നിന്നാണ് ഫലസ്തീനെതിരെ ഏറ്റവും കൂടുതൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ തീവ്ര വലത് പക്ഷക്കാർ സജീവമായി രംഗത്തുണ്ട്. ഇതിനായി എക്സ് പ്ലാറ്റ് ഫോം ഉൾപ്പെടെയുള്ള സാമുഹിക മാധ്യമങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്. മലയാളിത്തിലെ പ്രധാന പത്രങ്ങൾ പോലും തെറ്റായ വാർത്തകൾ യാതൊരു മടിയും കൂടാതെ പ്രസിദ്ധീകരിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക