അൽ ജസീറ ചാനലിൻ്റെ ഓഫീസ് അടച്ച് പൂട്ടാൻ ഇസ്രായേൽ നീക്കമാരംഭിച്ചു; ഗസ്സക്ക് മേൽ ആക്രമം തുടരുന്നു – വീഡിയോ

അൽ ജസീറ ചാനലിൻ്റെ ഇസ്രയേലിലെ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഇസ്രയേൽ കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമ കർഹി പറഞ്ഞു. അൽജസീറ പക്ഷപാതപരമായാണ് വാർത്തകൾ സംപ്രേഷണം ചെയ്യുന്നത്. ഇത് ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് പ്രേരണയാകുമെന്നും മന്ത്രി ശ്ലോമ കർഹി വ്യക്തമാക്കി.

അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും ശ്ലോമ കർഹി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ അൽ ജസീറ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം യുദ്ധം നിർത്താൻ യുഎന്നിന് മുമ്പാകെ അടിയന്തിര കരട് പ്രമേയവുമായി ബ്രസീൽ രംഗത്ത് എത്തി. യുദ്ധം അവസാനിപ്പിക്കാൻ സ്വാധീനമുള്ള രാജ്യങ്ങൾ കൈകോർക്കണം. അതേസമയം യുദ്ധത്തിലേക്ക് എടുത്ത് ചാടിയാൽ ഹിസ്ബുല്ല അനുഭവിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഗസ്സ പിടിക്കാൻ കരയുദ്ധം ഉൾപ്പെടെ കടുത്ത ആക്രമണങ്ങൾക്ക്​ ഇസ്രായേൽ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിദ്​റത്ത്​ ഉൾപ്പെടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചു. എന്നാൽ കരയുദ്ധം ആരംഭിച്ചാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലബനാനിൽ നിന്നുള്ള ഷെല്ലാക്രമണങ്ങൾക്ക്​ മറുപടിയായി ഹിസ്​ബുല്ല കേന്ദ്രങ്ങൾക്ക്​ നേരെയും ഇസ്രായേൽ ആക്രമണം നടത്തി.

കൂടുതൽ കടുപ്പമേറിയ ആക്രമണങ്ങൾക്ക്​ തയാറെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തോട്​ ആവശ്യപ്പെട്ടു. യുദ്ധഗതി ഇസ്രായേൽ തീരുമാനിച്ച്​ നടപ്പാക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. നൂറുകണക്കിന്​ കവചിത വാഹനങ്ങൾ അതിർത്തിയിൽ ഇസ്രായേൽ സൈന്യത്തിന്റെ നിർദേശം കാത്തിരിക്കുകയാണ്​.

ഗസ്സക്ക് മേൽ ഇസ്രായേലിൻ്റെ ക്രൂരമായ ആക്രണമം തുടരുകയാണ്.

 

ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വൻ പ്രകടനങ്ങളാണ് നടക്കുന്നത്. തുർക്കിഷ് നഗരത്തിൽ നടന്ന പ്രകനം കാണാം.

 

ഓസ്ട്രേലിയയിലെ സിഡ്നിയിലും ഗസ്സക്ക് പിന്തുണ.

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!