കരിപ്പൂർ വഴി സ്വർണക്കടത്ത്; കസ്റ്റംസിനെ പൂട്ടിക്കെട്ടി പൊലീസ്, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കരിപ്പൂർ വിമാനത്താവളം വഴി ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള മാഫിയ 60 തവണ സ്വർണം കടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചു. സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമൻഡാന്റ് നവീൻ, ലഗേജ് വിഭാഗം കരാർ ജീവനക്കാരൻ കൊണ്ടോട്ടി മേലങ്ങാടി പുതിയകത്ത് ഷറഫലി (36) എന്നിവരെ പ്രതികളാക്കി കരിപ്പൂർ പൊലീസ് കേസെടുത്തു. ഒത്താശയേകിയ കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. (ചിത്രത്തിൽ  സ്വർണകടത്ത് സംഘത്തിലെ കണ്ണികളെന്ന് പൊലീസ് കണ്ടെത്തിയവർ)

സ്വർണക്കടത്ത് റാക്കറ്റിനെതിരെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത്‌ദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അസി.കമൻഡാന്റ് നവീനാണ് കൊടുവള്ളി സ്വദേശിയും ദുബായിലെ പ്രവാസിയുമായ റഫീഖിനായി സ്വർണക്കടത്ത് ഏകോപിപ്പിച്ചത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഇടപാടുകളുടെ തെളിവുകളും പൊലീസിന് ലഭിച്ചു.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂരിൽ സ്വർണക്കടത്തു നടന്നിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇത്ര വലിയ റാക്കറ്റിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത് അപൂർവമാണ്. കരിപ്പുർ വിമാനത്താവളത്തിലെ പല തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഈ സ്വർണക്കടത്തിൽ പങ്കാളികളായി എന്നാണു പുറത്തുവരുന്ന വിവരം.

കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാനെത്തിയപ്പോൾ ഈ മാസം അഞ്ചിന് വിമാനത്താവളത്തിൽ പിടിയിലായ കൊണ്ടോട്ടി സ്വദേശി കെ.പി.ഫൈസലിന്റെ ഫോണിൽ ഒക്ടോബറിലെ കസ്റ്റംസ് ഓഫീസർമാരുടെ ഡ്യൂട്ടി ഷെഡ്യൂൾ കണ്ടെത്തിയിരുന്നു. കരാർ ജീവനക്കാരൻ ഷറഫലിയാണ് ഫൈസലിനെ സഹായിക്കുന്നതെന്ന് കണ്ടെത്തി. ഷറഫലിയിൽ നിന്ന് രണ്ട് ഫോണുകളും ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിലാണ് നവീനിന്റേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും പങ്ക് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചത്.

കസ്റ്റംസ് ഓഫീസർമാരുടെ ഡ്യൂട്ടി ഷെഡ്യൂൾ നവീനാണ് ഷറഫലിക്ക് അയച്ചുകൊടുത്തത്. ഇത് ഗൾഫിലുള്ള സ്വർണക്കടത്ത് തലവൻ റഫീഖിനും ലഭിച്ചു. ഒത്താശയേകുന്ന കസ്റ്റംസ് ഓഫീസർ ഡ്യൂട്ടിയിലുള്ള ദിവസം കാരിയർ മുഖേന സ്വർണം അയക്കും. കാരിയർമാരുടെയും വിവിധ സാമഗ്രികളുടെ രൂപത്തിലാക്കി അയക്കുന്ന സ്വർണത്തിന്റെയും ഫോട്ടോയടക്കമുള്ള വിവരങ്ങൾ നവീനിന് റഫീഖ് അയച്ചു കൊടുക്കും. റഫീഖിന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ഇക്കണോമി ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് ഉയർത്താൻ നവീൻ നടത്തിയ ഇടപെടലുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നവീൻ,​ ഷറഫലി,​ ഒരു കസ്റ്റംസ് ഓഫീസർ എന്നിവരുടെ കൈവശം കടത്തുകാർ നൽകിയ സി.യു.ജി മൊബൈൽ സിമ്മുകളുണ്ട്.

 

ഒറ്റ ദിവസം ഒരു ലക്ഷം

ഒരു തവണ സ്വർണം കടത്തിയാൽ 60,​000 രൂപയാണ് സ്വർണക്കടത്ത് മാഫിയ പ്രതിഫലമായി നൽകുക. ഇതിൽ 55,​000 രൂപ നവീനിനും 5,​000 രൂപ ഷറഫലിക്കുമാണ്. ഇതിനു പുറമെ കസ്റ്റംസ് ഓഫീസർക്കും പണം ലഭിക്കും. ഇത്തരത്തിൽ പല ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം രൂപ നവീനിന് ലഭിച്ചിട്ടുണ്ട്. 6.35 ലക്ഷം രൂപ നവീനിന്റെ നിർദ്ദേശപ്രകാരം സ്വർണക്കടത്തുകാർ ഡൽഹി ഇന്ദ്രാവികാസ് കോളനിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ചതിന്റെ തെളിവുകളും വാട്സ് ആപ്പ് സന്ദേശങ്ങളും സി.ഡി.എം വഴി പണം അയച്ചതിന്റെ രേഖകളും പൊലീസിന്റെ കൈവശമുണ്ട്. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരിൽ നിന്ന് വിമാനത്താവളത്തിന് പുറത്ത് വെച്ച് പല തവണ പൊലീസ് സ്വർണകടത്ത് പിടികൂടിയിരുന്നു. കസ്റ്റംസിന് കണ്ടെത്താൻ കഴിയാത്തവയാണ് വിമാനത്താവളത്തിന് പുറത്ത് പൊലസ് പിടികൂടിയിരുന്നത്. ഇതിൽ പലതും പൊലീസിന് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പിടികൂടിയിരുന്നത്. ചിലതെല്ലാം നാടകീയമായും സംഘട്ടനത്തിലൂടെയും കീഴ്പ്പെടുത്തിയതായിരുന്നു.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ പ്രതികളാകുന്ന സാഹചര്യമാണുള്ളത്. നേരത്തെയും എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!