ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ ഓടണ്ട, മാറി നിൽക്കണ്ട, സ്ഥാപനം അടച്ച് മുങ്ങണ്ട; സ്ഥാപനം അടച്ച് പൂട്ടും, വൻ തുക പിഴയും ചുമത്തും
സൌദിയിലെ സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും മുനിസിപ്പൽ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ മറഞ്ഞ് നിൽക്കുന്നതും ഓടി രക്ഷപ്പെടുന്നതും ഗുരുതര നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ ചെയ്യുന്ന ജീവനക്കാർക്ക് ഒരു മുന്നറിയിപ്പുമില്ലാതെ 10,000 റിയാൽ വീതം പിഴ ചുമത്തും. കൂടാതെ സ്ഥാപനം 14 ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും. ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ 20,000 റിയാലായി ഇരട്ടിയാക്കും. ഒക്ടോബർ 15 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
ഇങ്ങിനെ അടച്ച് പൂട്ടുന്ന സ്ഥാപനങ്ങൾ മുന്നിൽ ഉദ്യോഗസ്ഥർ പതിക്കുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതും, അനുവാദമില്ലാതെ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതും ഗുരുതര നിയമലംഘനമാണ്. ഇത്തരം കുറ്റത്തിന് മുന്നറിയിപ്പില്ലാതെ തന്നെ 40,000 റിയാൽ പിഴ ചുമത്തും.
പരിശോധനക്കായി മുനിസിപാലിറ്റി ഉദ്യോഗസ്ഥർ വരുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥാപനം അടച്ച് സ്ഥലം വിടുന്ന രീതിയും കണ്ടു വരുന്നുണ്ട്. ഇങ്ങിനെ സ്ഥാപനങ്ങൾ അടക്കുകയോ, അല്ലെങ്കിൽ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ സ്ഥാപനത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ജോലിയിൽ തടസം സൃഷ്ടിക്കുകയോ ചെയ്താലും 10,000 റിയാൽ പിഴ ചുമത്തുന്നതാണ്.
ആരോഗ്യ സ്ഥാപനങ്ങൾക്കും വ്യാപാര-സേവന സ്ഥാപനങ്ങൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നത് ഗൗരവമായി കാണും. 20,000 റിയാലാണ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള പിഴ. സ്ഥാപനം ഏഴ് ദിവസത്തേക്ക് അടച്ച് പൂട്ടുകയും ചെയ്യും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി ഉയർത്തും.
വ്യാപാരസ്ഥാപനങ്ങളിൽ അകാരണമായി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കാതിരിക്കുന്നതും സേവനം സ്ഥാപനങ്ങൾ സേവനങ്ങൾ നൽകാതിരിക്കുന്നതും നിയമലംഘനമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. അത്തരം സ്ഥാപനങ്ങൾ 14 ദിവസത്തേക്ക് അടച്ചിടുമെന്നും, 3,000 റിയാൽ പിഴയും ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ സാധാരണയായി മലയാളികളുൾപ്പെടെയുള്ള സ്ഥാപന ഉടമകളും ജീവനക്കാരും പലപ്പോഴും ചെയ്യുന്ന രീതികളാണിത്. അടുത്ത 15ാം തിയതി മുതൽ ഇത്തരം കാര്യങ്ങളെല്ലാം കടുത്ത നിയമലംഘനമായാണ് കണക്കാക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക