ഫലസ്തീന് പിന്തുണ അറിയിച്ച് സൗദി കിരീടാവകാശി; ഇന്ന് അറബ് ലീഗിൻ്റെ അടിയന്തിര യോഗം

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ ചർച്ച നടത്തി. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് സൗദി അറേബ്യയുടെ അചഞ്ചലമായ പിന്തുണ ഉറപ്പ് നൽകി. നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു. സൗദി സമാധാനശ്രമങ്ങളും തുടരുന്നുണ്ട്.

സംഘർഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സൽമാൻ ഫലസ്തീൻ പ്രസിഡന്‍റിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച സൗദി അറേബ്യ, അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ഇതിനു പിന്നാലെ പ്രശ്നപരിഹാരത്തിനായി ജോർദാൻ രാജാവുമായും ഈജിപ്ത് പ്രസിഡന്‍റുമായും സൗദി കിരീടാവകാശി ചർച്ച നടത്തി. ഇന്ന് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാർ അടിയന്തര യോഗം ചേരും. സൌദിയും യുഎഇയും ഖത്തറും ഉൾപ്പെടെയുളള 20 അറബ് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന അറബ് ലീഗിൽ ഓരോ അറബ് രാഷ്ട്രങ്ങളുടെ നിലപാടും നിർണായകമാകും. കെയ്റോയിലാണ് യോഗം.

പുറമെനിന്നുള്ള യു.എസ് ഉൾപ്പെടെയുള്ള കക്ഷികൾ യുദ്ധത്തിൽ പങ്കെടുത്താൽ പശ്ചിമേഷ്യയിലുടനീളമുള്ള യു.എസ് കേന്ദ്രങ്ങളിൽ ആക്രമണം നടക്കുമെന്ന് വിവിധ രാജ്യങ്ങളിലെ സായുധസംഘങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരാതെ പ്രശ്നപരിഹാരമുണ്ടാക്കാനാണ് സൗദിയുടെ ശ്രമം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീന്റെ അവകാശവും സൗദിയുടെ ഉപാധികളിലൊന്നായിരുന്നു. ആ നിലക്ക് സൗദി ഫലസ്തീനെ പിന്തുണക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

നിരവധി നയതന്ത്ര ചർച്ചകൾക്ക് ശേഷം, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായി സഹകരിക്കാനുള്ള രാജ്യത്തിന്റെ സജീവമായ ശ്രമങ്ങൾക്ക് അടിവരയിട്ടു. അന്താരാഷ്‌ട്ര മാനുഷിക നിയമം പാലിക്കണമെന്നും, സിവിലിയന്മാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായുള്ള ചർച്ചയിൽ, ഗസയിലും പരിസരങ്ങളിലും വ്യാപിക്കുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ച ചെയ്തു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!