1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഇസ്രയേൽസേന; ഗസ്സ തുടച്ച് നീക്കുമെന്ന് ഇസ്രായേൽ. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം – വീഡിയോ

ഗസ്സയിലെ ഫലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗസ്സയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. എന്നാല്‍ ഈജിപത് അതിർത്തി അടച്ചതോടെ ഈ നിര്‍ദേശം ഇസ്രയേല്‍ സേന പിന്‍വലിച്ചു.

‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു’ ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ്‌ ഹെക്റ്റ് ആദ്യം നിര്‍ദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിന്‍വലിക്കേണ്ടിവന്നത്.

കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു ഫലസ്തീന്‍ സായുധ സംഘങ്ങളുടേയുമടക്കം ഗസ്സയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി ഐഡിഎഫ് പറഞ്ഞു.
ശക്തമായ ആക്രമണമാണ് കഴിഞ്ഞ രാത്രി ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയത്. ഗസ്സയിലെ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രണ്ട് മാധ്യമ പ്രവർത്തകരും ഇന്ന് രാവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് സുബ്ഹ്, സഈദ് അൽ തവീൽ  എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകർ.  ഇത് വരെ ആറ് മാധ്യമ പ്രവർത്തകർ കൊല്ലപെടുകയും, രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ഗസ്സ അതിര്‍ത്തിയിലെ ഇസ്രായേൽ പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ച് പിടിച്ചതായും ഹമാസ് സേനയെ അവിടെനിന്ന് തുരത്തിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗസ്സ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകര്‍ത്ത അതിര്‍ത്തിയിലെ വേലികള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയാണെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇവിടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.

 

എന്നാല്‍ നുഴഞ്ഞു കയറ്റത്തിന് ഈ മാര്‍ഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടല്‍ വഴിയും പാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികള്‍ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങള്‍ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേല്‍ തള്ളി കളയുന്നില്ല. തെക്കന്‍ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണ്ണമായും കണ്ടെത്താൻ ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാരേയും അവിടെ നിന്ന് മാറ്റുകയും ചെയ്തു.

 

അതേ സമയം ഗസ്സയിലെ സാധാരണക്കാർക്ക് നേരെ ആക്രമണം തുടർന്നാൽ ഇസ്രായേലി ബന്ദികളെ കൊല്ലുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിൽ ഇസ്രായേൽ സേന നടത്തിയ പ്രതികാര ആക്രമണത്തിൽ 700ലധികം പേർ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹമാസിന്റെ മുന്നറിയിപ്പ് വന്നത്. ഹമാസ് വക്താവ് അബു ഉബൈദയെ ഉദ്ധരിച്ച് തിങ്കളാഴ്ചയാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.

ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരും സൈനികരും സാധാരണക്കാരുമടക്കം നുറുകണക്കിന് പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതിനിടെ അമേരിക്കയുടെ യുദ്ധകപ്പലുകളും വിമാന വാഹിനികളും കിഴക്കൻ മെഡിറ്ററേനിയനിൽ ഉടൻ സജ്ജമാകുമെന്നും, ഹിസ്ബുല്ലക്കും, ഹമാസിനുമെതിരെ യുദ്ധം ശക്തമായാൽ ആവശ്യമായ സഹായങ്ങൾ  ചെയ്യുമെന്ന് അമേരിക്ക അറിയിച്ചതായും ഇസ്രായേൽ  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ ദുരന്ത ചിത്രങ്ങൾ

 

 

.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!