പത്ത് നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ യുവാവിൻ്റെ ശ്രമം; തന്ത്രപൂർവ്വം പിടികൂടി സുരക്ഷ ഉദ്യോഗസ്ഥർ – വീഡിയോ

സൌദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അത്മഹത്യ ചെയ്യാനുള്ള യുവാവിൻ്റെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥൻ്റെ സമയോചിത ഇടപെടലിലൂടെ വിഫലമായി.

അൽ ഖസീം മേഖലയിലെ ഉനൈസ ഗവർണറേറ്റിലാണ് ഇരുപത് കാരനായ യുവാവ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന പത്ത് നില കെട്ടിടത്തിൻ്റെ മുകളിൽ കയറിയ യുവാവ് സംരക്ഷണ വേലി നീക്കം  ചെയ്ത് താഴോട്ട് ചാടാനുള്ള  ശ്രമത്തിലായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനോട് സംസാരിച്ച് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രണ്ട് മണിക്കൂറോളം യുവാവുമായി സുരക്ഷ ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. സംസാരം തുടരുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാൾ യുവാവിനെ പിടികൂടി. എന്നാൽ യുവാവുമായി അൽപസമയം പിടിവലി കൂടേണ്ടി വന്നതോടെ കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേർന്ന് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.

യുവാവിനെ പിന്നീട് ആരോഗ്യ പരിശോധനക്കായി ഉനൈസയിലെ കിംഗ് സൗദ് ആശുപത്രിയിലേക്ക് മാറ്റി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share