റൊണാൾഡോയുടെ പേരിൽ മ്യൂസിയം; പ്രിയ താരത്തിന് സൗദിയുടെ വേറിട്ട ആദരം
ഇതിഹാസ താരവും സൗദിയിലെ അല്നസ്ര് ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ സൗദി തലസ്ഥാന നഗരിയായ റിയാദിൽ മ്യൂസിയം തയ്യാറാക്കുന്നു. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്-2023ലാണ് മ്യൂസിയം.
ഈ മാസം 28ന് റിയാദ് സീസണ് ആരംഭിക്കുന്ന ദിവസം തന്നെ മ്യൂസിയം തുറക്കാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. താരം നേരിട്ടെത്തിയാവും മ്യൂസിയം ഉദ്ഘാടനം ചെയ്യുക. റൊണാള്‍ഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി ക്ലബ് ഫുട്ബോള്‍ രാജ്യാന്തര ശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോകോത്തര താരങ്ങള്‍ സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സൗദി അറേബ്യക്ക് ക്രിസ്റ്റ്യാനോയെ പോലുള്ള താരങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക