പ്രമേഹം ‘തളർത്തിയ’തോടെ ജോലി പോയി, പിന്നാലെ ഹുറൂബും, ഉണങ്ങാത്ത മുറിവുകളുമായി അവശനായി ‘പെരുവഴിയിൽ’
തായിഫ്: കടുത്ത പ്രമേഹം തളർത്തിയതിന് പുറമേ ഹുറൂബും. യുപി സ്വദേശി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പെരുവഴിയിൽ. ലക്നൗ, മൊഹൻലാൽഗഞ്ച്, ഭദേസുവ വില്ലേജുകാരനായ റയീസ് അഹമ്മദി (49) നാണ് ഈ ദുര്യോഗം.
പെൺമക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി വളർത്തണം കെട്ടുറപ്പുള്ള വീട് വയ്ക്കണം. നാട്ടിലെ കൃഷിപ്പണികൊണ്ട് ഒന്നിനും തികയുന്നില്ല. അങ്ങനെയാണ് നാട്ടിൽ കാർഷികവൃത്തി ചെയ്ത് ജീവിച്ചിരുന്ന റയീസ് സൗദിയിലേക്ക് വിമാനം കയറിയത്. പ്രവാസ ലോകത്തേക്ക് എത്തുമ്പോൾ രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് നല്ലൊരു ഭാവിയെന്ന സ്വപ്നമായിരുന്നു റയീസിനുണ്ടായിരുന്നത്. ജീവിതത്തെ അലട്ടിയിരുന്ന പ്രമേഹവും അവഗണിച്ചായിരുന്നു റയീസ് ആദ്യമായി അഞ്ചുമാസങ്ങൾക്ക് മുൻപ് എജൻറ് നൽകിയ വീസയിൽ തായിഫിൽ സ്വദേശിയുടെ കൃഷിയിടത്തിൽ പണിക്കാരനായി എത്തിയത്. അതുവരെ ജനിച്ചു വളർന്ന ഗ്രാമത്തിന് പുറത്തേക്ക് റയീസ് യാത്ര ചെയ്തിട്ടില്ലായിരുന്നു.
നാട്ടിൽ നിന്നും വരുമ്പോൾ ആകെ15 ദിവസത്തേക്കുള്ള പ്രമേഹത്തിനുള്ള മരുന്ന് മാത്രമാണ് കൈവശം കരുതിയിരുന്നത്. മരുന്ന് തീർന്നതോടെ പ്രമേഹം മൂർച്ഛിച്ചു ജോലി ചെയ്യാൻ സാധിക്കാതെ വന്നു. അതോടെ റയീസിനെ ജോലിയിൽ നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തി ജോലിസ്ഥലത്തുനിന്ന് പുറത്താക്കി. കൂടാതെ ഈ വിവരങ്ങൾ നാട്ടിലെ ഏജന്റിനെ വിളിച്ചറിയിക്കുകയും ചെയ്തു.
∙ ഒടുവിൽ ഹതാശനായി റോഡരികിൽ
പ്രമേഹം കൂടിയത് മൂലം പാദങ്ങളിലെ പൊട്ടിയൊലിക്കുന്ന ഉണങ്ങാത്ത മുറിവുകളുമായി അവശനായി പോകാൻ ഒരു ഇടമില്ലാതെ തളർന്നു. എങ്ങോട്ട് പോകണം എന്തു ചെയ്യണമെന്നൊന്നും അറിയാതെ റോഡ് വക്കിൽ ഇരിക്കുന്ന റയീസിനെ ചിലർ കണ്ടെത്തുകയായിരുന്നു. തുടർന്ന് റയീസിനെ നാട്ടുകാരനായ വക്കീൽ അഹമ്മദ് കൂട്ടിക്കൊണ്ടു പോയി സ്വന്തം റൂമിൽ തൽക്കാലിക അഭയം കൊടുത്തു. വിവരങ്ങളറിഞ്ഞ ഭാര്യ റയീസിനെ നാട്ടിലെത്തിക്കുന്നതിനായി ശ്രമം തുടങ്ങി. ഇതിനായി നാട്ടുകാരനായ വക്കീൽ അഹമ്മദ് വഴി കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗം പന്തളം ഷാജിയുടെയും സഹായം തേടി
റയീസിനെ പിന്നീട് ഡോക്ടറെ കാണിച്ച് മരുന്നും ചികിത്സയും നൽകി. എങ്കിലും ഇയാൾ പരിക്ഷീണിതായി എഴുന്നേൽക്കാൽ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. പരിമിത ആരോഗ്യ ഇൻഷുറൻസായതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനും പ്രതിസന്ധിയുണ്ട്. വിഷയത്തിൽ ഇടപെട്ട ഷാജി ജിദ്ദ ഇന്ത്യൻ കോൺസുലറ്റുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് ലഭ്യമാക്കി എത്രയും വേഗം ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കുന്നതിനായി ശ്രമം ആരംഭിച്ചു.
സാധാരണക്കാരന്റെ അജ്ഞത മുതലെടുത്താണ് മിക്ക ഏജൻറുമാരും ഇത്തരം ജോലികൾക്ക് ആളുകളെ വിസ നൽകി എത്തിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. നാട്ടിലെ കൃഷിയിടങ്ങളിലെ തൊഴിൽ സാഹചര്യങ്ങളിൽ നിന്നും കാലാവസ്ഥകളിൽ നിന്നും വ്യത്യസ്തമാണ് ഇവിടെയെന്നു മനസിലാക്കാതെയാണ് മിക്കവരും വരുന്നതെന്ന് പന്തളം ഷാജി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക