ഖത്തറിൽനിന്ന് 1200 തീർത്ഥാടകർക്ക് ഇത്തവണ ഹജ്ജ് ചെയ്യാം
ഖത്തറിൽ നിന്നും 1200 തീർത്ഥാടകർക്ക് വരുന്ന ഹജ്ജ് സീസണിൽ ഹജ്ജ് നിർവഹിക്കാൻ കഴിയുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ഇതിൽ 900 പേർ ഖത്തർ പൌരന്മാരായിരിക്കും. ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ആരംഭിച്ചതായും ഹജ്, ഉംറ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജാസിം അബ്ദുല്ല അൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാന മാർഗ്ഗമുള്ള 12 ഹജ്ജ് കമ്പനികളെയും, കരമാർഗ്ഗമുള്ള രണ്ട് ഹജ്ജ് കമ്പനികളെയും ഇതിനായി തെരഞ്ഞെടുത്തു.
ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ച് ഇവയുടെ തുടർ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഹജ്ജിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ, പോകാൻ കഴിയാത്ത തീർത്ഥാടകർ എത്രയും വേഗം മന്ത്രാലയത്തെ അറിയിക്കണമെന്നും അതിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കാമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മക്കയിൽ തീർഥാടകരുടെ താമസ സൗകര്യങ്ങളിൽ ഒരു പരിശോധന നടത്തിയിട്ടുണ്ട്, അനുബന്ധ ഒരുക്കങ്ങളുടെ 80 ശതമാനവും പൂർത്തിയായി. ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് 132 എന്ന ഏകീകൃത നമ്പരിലൂടെ ആരോഗ്യ-മത സേവനങ്ങൾക്കായി സേനവ കേന്ദ്രം സ്ഥാപിച്ചു. മുഴുവൻ സമയവും തീർഥാടകരുടെ കോളുകൾ സ്വീകരിക്കുന്നതിന് ഒരു പ്രത്യേക സൗദി നമ്പർ ഉടൻ നൽകും.
തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) കൗണ്ടറുകളുടെയും പരിശോധനാ ഉപകരണങ്ങളുടെയും എണ്ണം വർധിപ്പിക്കുമെന്ന് എംഒഐയിലെ എയർപോർട്ട് പാസ്പോർട്ട് വിഭാഗം മേധാവി മേജർ നാസർ അൽ ഹുമൈദി പറഞ്ഞു. കൂടാതെ, കാലഹരണപ്പെട്ട പെർമിറ്റ് ഉള്ളവർക്ക് എച്ച്ഐഎയിൽ റസിഡൻസ് പെർമിറ്റ് പുതുക്കാനുള്ള സേവനവും ഉണ്ടാകും.
തീർഥാടകരുടെ രേഖകൾ പ്രോസസ്സ് ചെയ്യുന്നതിന് തടസ്സമില്ലാത്ത പ്രക്രിയ ഉറപ്പാക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് അബു സംര അതിർത്തി പോസ്റ്റിലെ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ഷാഫി അൽ-ഷെമാരി പറഞ്ഞു.
ഖത്തർ റെഡ് ക്രസന്റ് പോലുള്ള മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് തീർഥാടകർക്ക് മതിയായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും എസ്സിഎച്ച് സ്വീകരിച്ചിട്ടുണ്ടെന്ന് എസ്സിഎച്ചിന്റെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ ഹാജിരി ഊന്നിപ്പറഞ്ഞു. കൂടാതെ, ബന്ധപ്പെട്ട സേവനങ്ങൾക്കായി പ്രത്യേക പരിശീലനം ലഭിച്ചതുമായ മെഡിക്കൽ സ്റ്റാഫിനെയും നിയോഗിക്കും.
ആഭ്യന്തര മന്ത്രാലയം (MoI), സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (SCH) പ്രതിനിധികൾ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.