കേരളത്തിൽ കോവിഡ് ഉയരുന്നു. കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണം.
കേരളത്തിൽ കോവിഡ് വ്യാപനം കൂടുതൽ ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ‘സി’ കാറ്റഗറിയിലുൾപ്പെടുത്തി. ഇതോടെ ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടെ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽകുളങ്ങൾ തുടങ്ങിയവ അടച്ചിടാനും നിർദ്ദേശിച്ചു. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണത്തിൽ വൻ വർധന തുടരുകയാണ്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.
നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുളളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്. 17 ഐസിയു കിടക്കകളും 23 ഒാക്സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.
കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്. ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കോവിഡ് കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു. കാറ്റഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളില്‍ ഇതുവരെപെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട്. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.