കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി സൌദി മന്ത്രിസഭ ഓഫ് ലൈനില്‍ ചേര്‍ന്നു
റിയാദ്: കോവിഡ് റിപോര്‍ട്ട് ചെയ്ത ശേഷം ഇതുവരെ ഓണ്‍ലൈന്‍ വഴിയായിരുന്നു സൌദി മന്ത്രിസഭ ചേര്‍ന്നിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ന് മന്ത്രിസഭ ഓഫ് ലൈനായി ചേര്‍ന്നു. റിയാദിലെ യമാമ പാലസില്‍ ഭരണാധികാരി സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു മന്ത്രിസഭ ചേര്‍ന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ വിഷയങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സൌദി സന്ദര്‍ശനത്തെ തുടര്‍ന്നുള്ള പുരോഗതിയും, വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു. ഇറാന്റെ പിന്തുണയോടെ സൌദിക്കും, യു.എ.ക്കുമെതിരെ യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ മന്ത്രിസഭ അപലപിച്ചു. ലോക സമാധാനത്തിനും സുരക്ഷിതമായ നാവിക ഗതാഗതത്തിനും ഭീഷണിയാണ് ഹൂതികള്‍ എന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. അതേസമയം ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ഇരുവരും രാഷ്ട്രപതി രാം നാദ് കോവിന്ദിന് ആശംസാ സന്ദേശം അയച്ചു. ഇന്ത്യക്ക് സുസ്ഥിരമായ ഭാവിയും പുരോഗതിയും സമൃദ്ധിയും ഇരുവരും ആശംസിച്ചു.