കോവിഡ് ടാക്സ് ഏർപ്പെടുത്തും

ന്യൂഡൽഹി: കോവിഡ് മഹാമാരി സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് ടാക്‌സ്/സെസ് ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. അതിസമ്പന്നരെയാണ് ലക്ഷ്യം വെക്കുന്നത്. മറ്റുള്ളവർക്ക് ടാക്സുണ്ടാകില്ലെന്നാണ് സൂചന.  ഫെബ്രുവരി ഒന്നിലെ ബജറ്റിൽ കോവിഡ് നികുതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. കോവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക.

കോവിഡ് മഹാമാരി മൂലം രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ വൻതോതിൽ വർധിച്ചതായാണ് പീപ്പ്ൾസ് റിസർച്ച് ഓൺ ഇന്ത്യാൻ കൺസ്യൂമർ എകണോമി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠനത്തിൽ പറയുന്നത്. അഞ്ചു വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ വാർഷിക വരുമാനത്തിൽ 53 ശതമാനം ഇടിവാണുണ്ടായത്. അതേസമയം, 20 ശതമാനം ധനികരുടെ വാർഷിക വരുമാനത്തിൽ 39 ശതമാനം വർധനയുമുണ്ടായെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

വാർഷിക വരുമാനം മുപ്പത് ലക്ഷത്തിൽ കൂടുതലുള്ളവർക്ക് ഒരു ശതമാനം സൂപ്പർ റിച്ച് ടാക്‌സ് 1950 മുതൽ 2015 വരെ നിലവിലുണ്ടായിരുന്നു. 2015 ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇതെടുത്തു കളഞ്ഞത്. 2013-14 സാമ്പത്തിക വർഷം 1008 കോടി മാത്രമേ ഈയിനത്തിൽ ലഭിച്ചുള്ളൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിന്റെ നടപടി. എന്നാൽ ഒരു കോടിക്ക് മുകളിൽ സമ്പാദിക്കുന്നവർക്ക് രണ്ടു ശതമാനം സൂപ്പർ റിച്ച് സർചാർജ് ജെയ്റ്റ്‌ലി അവതരിപ്പിച്ചിരുന്നു.

അതിനിടെ, വിവിധ മേഖലയിലെ വളര്‍ച്ചാ നിരക്കുകള്‍ ശുഭകരമല്ല. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകണോമിയുടെ (സിഎംഐഇ) പഠന പ്രകാരം നിർമാണ മേഖലയിലും ഖനനത്തിലും പോസിറ്റീവ് സൂചനകളുണ്ടെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യം ശുഭോദർക്കമല്ല. കാർഷിക മേഖല, വ്യാവസായിക ഉൽപ്പാദനം, സേവന മേഖല എന്നിവയിൽ വിശേഷിച്ചും. മൂന്നാം തരംഗം കൂടി രാജ്യത്ത് ആഞ്ഞടിക്കുന്നതോടെ ഈ മേഖലകൾ കൂടുതൽ മാന്ദ്യത്തിലേക്ക് പോകുമെന്നാണ് സൂചന.

കോവിഡ് മൂലം തൊഴിലില്ലായ്മ വർധിച്ചത് മറ്റൊരു വെല്ലുവിളിയാണ്. നിലവിൽ വലിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാനുള്ള ധനസ്ഥിതി കേന്ദ്രസർക്കാറിനില്ല. 2021 ഡിസംബറിൽ 7.9 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്.

Share
error: Content is protected !!