എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസര്‍ജനം നടത്തി; യാത്രക്കാരന്‍ അറസ്റ്റില്‍
മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ മലമൂത്രവിസർജനം ചെയ്തതായി പരാതി. എഐസി 866 വിമാനത്തിൽവെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാം സിങ് എന്ന യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
എഫ് 17 നമ്പർ സീറ്റിൽ യാത്രചെയ്തിരുന്ന ഇയാൾ വിമാനത്തിന്‍റെ തറയിൽ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നത് കണ്ട ക്യാബിൻ ക്രൂ ഇയാൾക്ക് താക്കീത് നൽകിയിരുന്നു. മറ്റുയാത്രക്കാരെ ഇയാളുടെ അരികിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
തുടർന്ന് പൈലറ്റിനെ വിവരമറിയിക്കുകയും, പൈലറ്റ് വിമാനത്തിലെ സ്ഥിതിഗതികളെക്കുറിച്ച് കമ്പനിയെ അറിയിക്കുകയും ചെയ്തു. സംഭവം മറ്റുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും അസ്വസ്ഥരാക്കിയതായും എഫ്ഐആറിൽ പറയുന്നു.
വിമാനം നിലത്തിറങ്ങിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ ഐപിസി സെക്ഷൻ 294, 510 വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.