വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യ റിമാൻഡിൽ, രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു. ഇന്നും നാളെയും വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഇന്നലെ 7.40ന് വടകരയിൽ വച്ച് വിദ്യയെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വൈദ്യപരിശോധനക്കു ശേഷമാണ് വിദ്യയെ മണ്ണാർക്കാട് കോടതിയിൽ എത്തിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വിദ്യ പറഞ്ഞിരുന്നു. നിയമപരമായി ഏതറ്റംവരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോടു പറഞ്ഞു.

ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മെഡിക്കൽ സംഘം വിദ്യയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസും നീക്കം തുടങ്ങി. ഇതിനായി നാളെ മണ്ണാർക്കാട് കോടതിയിൽ അപേക്ഷ നൽകും. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് അഗളിയില്‍ എത്തിച്ചത്.

മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പൊലീസിൽ മൊഴിനൽകി.

 

കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!