ട്രോഫിക്കുള്ളിൽ മയക്കുമരുന്ന്; ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായ ഇന്ത്യന്‍ നടിയെ കുറ്റവിമുക്തയാക്കി; നടി ചതിക്കപ്പെട്ടതായിരുന്നുവെന്ന് കോടതി – വീഡിയോ
മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ ക്രിസന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും എല്ലാ കേസുകളില്‍ നിന്നും ഒഴിവാക്കിയതായും അഭിഭാഷക മുഹമ്മദ് അല്‍ രെദ മാധ്യമങ്ങളെ അറിയിച്ചു. ജയില്‍ മോചിതയായ ശേഷം ഇപ്പോള്‍ യുഎഇയില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന ക്രിസന് യാത്ര വിലക്ക് പിന്‍വലിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കും.
27 വയസുകാരിയായ ക്രിസന്‍ പെരേര ഏപ്രില്‍ ഒന്നിനാണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍യുകയായിരുന്നു. അതേസമയം ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ വേണ്ടി മുംബൈയിലുള്ള രണ്ട് പേര്‍ ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണിതെന്ന് അന്നുതന്നെ ക്രിസന്‍ പെരേരയുടെ അഭിഭാഷകര്‍ വെളിപ്പെടുത്തിയിരുന്നു. മൂന്ന് ആഴ്ചയില്‍ അധികം ജയിലില്‍ കഴിഞ്ഞ ശേഷം ഏപ്രില്‍ 28നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവുമായിരുന്നില്ല.
ജയിലിൽ നിന്ന് മോചിതയായതിന് ശേഷം വീഡിയോ കോളിൽ ക്രിസൻ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോയും സഹോദരൻ അന്ന് പങ്കുവെച്ചിരുന്നു. “ക്രിസൻ സ്വതന്ത്രയായി!!! അടുത്ത 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിൽ തിരിച്ചെത്തും”- എന്നായിരുന്നു സഹോദരൻ കെവിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും സംസാരിക്കുമ്പോൾ താരം വികാരാധീനയാകുന്നതും വീഡിയോയിൽ കാണാം.
അന്ന് ഏറെ വൈറലായ ആ വീഡിയോ കാണാം
View this post on Instagram
സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍ പെരേര. ഒരു ഹോളിവുഡ് വെബ്‍സീരിസില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്‍താണ് ഓഡിഷനെന്ന പേരില്‍ രണ്ടംഗ സംഘമാണ് ക്രിസനോട് യുഎഇയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. ഇതിനായുള്ള ടിക്കറ്റും മറ്റ് സംവിധാനങ്ങളും അവര്‍ തന്നെ ഒരുക്കി നല്‍കുകയും ചെയ്‍തു. എന്നാല്‍ യാത്ര പുറപ്പെടും മുമ്പ് ക്രിസന് ഇവര്‍ നല്‍കിയ ഒരു ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. യുഎഇയില്‍ എത്തിയ ശേഷം ഈ ട്രോഫി മറ്റൊരാള്‍ക്ക് കൈമാറണമെന്ന് നടിയോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതില്‍ മയക്കുമരുന്ന് ഉണ്ടെന്ന വിവരം മറച്ചുവെച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ ലഹരി പദാര്‍ത്ഥം കണ്ടെത്തുകയും അവിടെ വെച്ച് തന്നെ അറസ്റ്റിലാവുകയും ചെയ്തു.
ക്രിസനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആരും എത്തിയിരുന്നതുമില്ല. പിടിയിലായി കഴിഞ്ഞപ്പോഴാണ് തന്നെ കേസില്‍ കുരുക്കാന്‍ ബോധപൂര്‍വം തയ്യാറാക്കിയ പദ്ധതിയാണിതെന്ന് നടിക്ക് മനസിലായത്. ഷാര്‍ജ പ്രോസിക്യൂഷന്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ നടിയുടെ വാദം ശരിയാണെന്ന് വ്യക്തമായി. വിമാനത്താവളത്തിലെ ക്യാമറ ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചിരുന്നു. തെളിവുകള്‍ നടിയുടെ വാദം ശരിവെയ്ക്കുന്നതായിരുന്നു. കസ്റ്റഡിയിലായിരുന്ന സമയത്ത് മൂത്രപരിശോധന നടത്തിയതിലും ലഹരി ഉപയോഗിച്ചതിന്റെ സൂചനകള്‍ ഒന്നുമുണ്ടായിരുന്നില്ല.
അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസുകളില്‍ നിന്ന് നടിയെ കുറ്റവിമുക്തയാക്കുകയായിരന്നു. യാത്രാ വിലക്കും നീക്കിയിട്ടുണ്ട്. കരിമ്പട്ടികയില്‍ നിന്നും ഇവരുടെ പേര്‍ ഒഴിവാക്കും. പാസ്‍പോര്‍ട്ട് വിട്ടുകിട്ടുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ബുധനാഴ്ച തന്നെ അത് ലഭ്യമാവുമെന്ന് കരുതുന്നതായും അഭിഭാഷകര്‍ അറിയിച്ചു. പാസ്‍പോര്‍ട്ട് ലഭിക്കുന്നതോടെ ക്രിസന്‍ പെരേരയ്ക്ക് നാട്ടിലേക്ക് മടങ്ങാനാവും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273