ജോലി കിട്ടിയിട്ടും സ്വീകരിച്ചില്ല; 7300 സൌദി പൌരന്മാരുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിവെച്ചു
റിയാദ്: കഴിഞ്ഞ മാസത്തെ ബാച്ചിൽ 7,300-ലധികം ഗുണഭോക്താക്കൾക്ക് സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി സൌദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. തൊഴില്‍രഹിതര്‍ക്ക് ആണ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് ഈ പെയ്മെന്‍റ് നല്‍കിവരുന്നത്. എന്നാല്‍ തൊഴിലന്വേഷണത്തില്‍ ജാഗ്രത കാണിക്കാതിരിക്കുക, തൊഴിലവസരങ്ങള്‍ ലഭിച്ചിട്ടും അത് സ്വീകരിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് ഫണ്ട് വിതരണം നിര്‍ത്തിവെച്ചത്.
18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരുടെ പെയ്മെന്‍റ് ആണ് നിര്‍ത്തിവെച്ചത്. ജോലി ചെയ്യാൻ കഴിവുണ്ടായിട്ടും ജോലി അന്വേഷിക്കുന്നില്ലെന്നും മന്ത്രാലയത്തിന്‍റെ തൊഴിൽ പ്ലാറ്റ്‌ഫോമുകളിൽ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൂടാതെ അനുയോജ്യമായ ജോലിയവസരങ്ങള്‍ ഹദാഫ് നല്‍കിയിട്ടും പലരും സ്വീകരിക്കുന്നില്ല. ജോലിയും പരിശീലന ഓഫറുകളും ഗുണഭോക്താക്കള്‍ തള്ളി. ഇങ്ങിനെയുള്ള സാഹചര്യങ്ങളില്‍ ഫണ്ട് വിതരണം നിര്‍ത്തിവെക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്.
ജോലി ചെയ്യാൻ കഴിവുള്ള എല്ലാ ഗുണഭോക്താക്കളും അധികാരികൾ നൽകുന്ന തൊഴില്‍ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവയോട് പ്രതികരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നിർത്തുന്നത് ഒഴിവാക്കാൻ അംഗീകൃത തൊഴിൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമായ തൊഴിലവസരങ്ങൾക്കായി അപേക്ഷിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.