മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു അമ്പൂരിയിലെ രാഖിയുടേത്. വീട്ടില്‍നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതായെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൃത്യം നടന്ന് ഒരുമാസത്തിന് ശേഷമാണ് രാഖിയുടെ ജീര്‍ണിച്ച മൃതദേഹം കാമുകന്റെ വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്തത്. സൈനികനായ അഖില്‍ എസ്.നായര്‍, സഹോദരന്‍ രാഹുല്‍ എസ്.നായര്‍, ഇവരുടെ സുഹൃത്ത് ആര്‍ശ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം കേസിലെ മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങി, പിന്നാലെ രാഖിയെ കാണാതായി…

എറണാകുളത്തെ സ്വകാര്യ കേബിള്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്നു പൂവാര്‍ തിരുപുറം പുത്തന്‍കട ജോയ്ഭവനില്‍ രാഖി. 2019 ജൂണ്‍ 18-ന് എറണാകുളത്തുനിന്ന് തിരുപുറത്തെ വീട്ടിലെത്തിയ രാഖി ജൂണ്‍ 21-നാണ് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ഇതിനുശേഷം രാഖിയെക്കുറിച്ച് ഒരുവിവരവും ലഭിക്കാതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

21-ന് എറണാകുളത്തേക്ക് മടങ്ങിയ രാഖി അന്നേദിവസമോ അതിനുശേഷമോ വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നില്ല. വീട്ടുകാര്‍ എറണാകുളത്തെ കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ജൂണ്‍ 21-ന് ശേഷം രാഖി വാട്‌സാപ്പില്‍ ഓണ്‍ലൈന്‍ വന്നിട്ടില്ലെന്നും വ്യക്തമായി. ഇതിനിടെ രാഖിയുടെ ഫോണില്‍നിന്ന് ഒരൊറ്റതവണ വിളി വന്നിരുന്നു. പക്ഷേ, ഒന്നും സംസാരിച്ചിരുന്നില്ല. ഇതും വീട്ടുകാരുടെ സംശയത്തിനിടയാക്കി. തുടര്‍ന്നാണ് രാഖിയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന് പൂവാര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആദ്യഘട്ടത്തിലെ പോലീസ് അന്വേഷത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഇതോടെ രാജന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കേരളം ഞെട്ടിയ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

 
ഒന്നാംപ്രതി അഖിൽ, കൊല്ലപ്പെട്ട രാഖി

നിര്‍ണായകമായി മൊബൈല്‍ഫോണ്‍, ദിവസങ്ങള്‍ നീണ്ട നിരീക്ഷണം…

രാഖിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനമായി യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് അമ്പൂരിയിലായിരുന്നു. ഇതോടെ അമ്പൂരി കേന്ദ്രീകരിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെയാണ് അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖില്‍ എസ്.നായരുമായി രാഖിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചത്. എന്നാല്‍, സൈനികനായ അഖില്‍ ജൂണ്‍ 27-ന് ലഡാക്കിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയെന്നായിരുന്നു വീട്ടുകാരുടെ മറുപടി. പക്ഷേ, പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതിനിടെ അഖിലിന്റെ സഹോദരന്‍ രാഹുലിനെ കാണാതായതും സംശയത്തിനിടയാക്കി. ഇവരുടെ സുഹൃത്ത് ആദര്‍ശും പോലീസിന്റെ നിരീക്ഷണത്തിലായി. ആഴ്ചകള്‍ക്ക് മുന്‍പ് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ആദര്‍ശിനെ ദിവസങ്ങളോളം പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചിരുന്നു. ഒടുവില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് രാഖിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നും വ്യക്തമായത്.

ആറുവര്‍ഷത്തെ പ്രണയം, വിവാഹം മുടക്കിയതോടെ പക…

സൈനികനായ അഖിലും രാഖിയും ആറുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ 2019 മേയ് മാസത്തോടെ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതോടെ രാഖിയെ ഒഴിവാക്കാനായിരുന്നു ഇയാളുടെ ശ്രമം. പക്ഷേ, അഖിലുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി രാഖി തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി. ഇതോടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് രാഖിയെ വകവരുത്താന്‍ അഖിലും സഹോദരനും തീരുമാനമെടുത്തത്.

 

രണ്ടാംപ്രതി രാഹുല്‍, ഒന്നാംപ്രതി അഖില്‍

 

ജൂണ്‍ 18-നാണ് മൂന്നുപ്രതികളും കൊലപാതകം ആസൂത്രണം ചെയ്തത്. 21-ന് വീട് കാണിക്കാമെന്ന് പറഞ്ഞ് അഖില്‍ രാഖിയെ കാറില്‍ കയറ്റി നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപമെത്തിച്ചു. തുടര്‍ന്ന് കാറില്‍വെച്ച് അഖിലും രാഹുലും ചേര്‍ന്ന് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം കാറിന്റെ സീറ്റ് ബെല്‍റ്റാണ് രാഖിയുടെ കഴുത്തില്‍ മുറുക്കിയത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പിക്കുകയായിരുന്നു.

സീറ്റ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയത് രാഹുല്‍…

‘എന്റെ അനുജന്റെ വിവാഹം മുടക്കിയ നീ ജീവിച്ചിരിക്കേണ്ടേടി’ എന്നുപറഞ്ഞ് രാഹുലാണ് രാഖിയുടെ കഴുത്തില്‍ ആദ്യം സീറ്റ് ബെല്‍റ്റ് മുറുക്കിയതെന്നാണ് പ്രതികളുടെ മൊഴി. ഈ സമയം യുവതിയുടെ നിലവിളി ആരും കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്റെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി ശബ്ദമുണ്ടാക്കി. രാഖി മരിച്ചെന്ന് ഉറപ്പിച്ചതോടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പൂര്‍ണനഗ്നയായാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം വേഗത്തില്‍ അഴുകാനായി വന്‍തോതില്‍ ഉപ്പും വിതറിയിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് രണ്ട് കമുകിന്‍ തൈകളും നട്ടു.

നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നെടുത്ത കുഴിയിലാണ് രാഖിയുടെ മൃതദേഹം പ്രതികള്‍ കുഴിച്ചിട്ടത്. വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ പുരയിടത്തില്‍ കുഴിയെടുത്തതൊന്നും അയല്‍ക്കാരില്‍ സംശയമുണ്ടാക്കിയിരുന്നില്ല.

മിസ്ഡ്‌കോള്‍ പ്രണയം, ഒടുവില്‍ അരുംകൊല…

മിസ്ഡ്‌കോള്‍ വഴിയാണ് അഖിലും രാഖിയും ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ഇത് പ്രണയമായി വളര്‍ന്നു. രാഖിയെ കാണാനായി അഖില്‍ എറണാകുളത്ത് ഇടയ്ക്കിടെ വരുന്നതും പതിവായി. ഇതിനിടെ അഖില്‍ രഹസ്യമായി രാഖിയെ താലിചാര്‍ത്തിയിരുന്നു. രാഖിയുടെ മൃതദേഹത്തില്‍നിന്ന് താലിച്ചരട് കണ്ടെടുത്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 2019 ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍വെച്ച് രാഖിയെ താലിച്ചാര്‍ത്തിയെന്നും തുടര്‍ന്ന് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിച്ചെന്നുമായിരുന്നു മൂന്നാംപ്രതി ആദര്‍ശിന്റെ മൊഴി. പക്ഷേ, പോലീസിന്റെ ചോദ്യംചെയ്യലില്‍ അഖില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

 

അമ്പൂരി രാഖി കൊലക്കേസിലെ മൂന്നാംപ്രതി ആദര്‍ശ്

 

തന്നെക്കാള്‍ അഞ്ചുവയസ്സ് കൂടുതലുള്ളതിനാലാണ് രാഖിയുമായുള്ള വിവാഹത്തിന് താന്‍ വിസമ്മതിച്ചതെന്നായിരുന്നു അഖിലിന്റെ മൊഴി. ഇതിനിടെയാണ് അന്തിയൂര്‍ക്കോണത്തെ യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചത്. ഇക്കാര്യം അറിഞ്ഞതോടെ രാഖി അഖിലിനെ ഭീഷണിപ്പെടുത്തി. വിവാഹക്കാര്യവുമായി മുന്നോട്ടുപോയാല്‍ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ നാണംകെടുത്തുമെന്നും രാഖി അഖിലിനെ ഭീഷണിപ്പെടുത്തി. 2019 മേയ് മാസത്തില്‍ അഖിലും രാഹുലും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചെങ്കിലും രാഖി വഴങ്ങിയില്ല. ഇതിനിടെ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി രാഖി അഖിലുമായുള്ള പ്രണയത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സഹോദരങ്ങളും ഇവരുടെ അയല്‍ക്കാരനായ ആദര്‍ശും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

മൃതദേഹം കണ്ടെടുത്തത് ഒരുമാസത്തിന് ശേഷം…

കൊലപാതകം നടന്ന് ഒരുമാസത്തിന് ശേഷമാണ് രാഖിയുടെ മൃതദേഹം കണ്ടെടുത്തത്. കുഴിയില്‍ വന്‍തോതില്‍ ഉപ്പ് വിതറിയതിനാല്‍ മൃതദേഹം അഴുകിയനിലയിലായിരുന്നു.

 

 

 

രാഖിയെ കൊന്ന് കുഴിച്ചിട്ടശേഷം ലഡാക്കിലെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് നാട്ടില്‍നിന്ന് പോയ അഖില്‍ ഡല്‍ഹിയിലാണ് തങ്ങിയിരുന്നത്. കൊലപാതകം പുറത്തറിഞ്ഞതോടെ രഹസ്യമായി നാട്ടിലേക്ക് മടങ്ങിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം പാലക്കാട് ശ്രീകൃഷ്ണപുരത്താണ് പ്രതികള്‍ രാഖിയുടെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. രാഖിയുടെ ബാഗ് മണ്ണാര്‍ക്കാട്ട് കെ.എസ്.ആര്‍.ടി.സി. ബസിലും ഉപേക്ഷിക്കുകയായിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഇവയെല്ലാം പിന്നീട് കണ്ടെടുത്തു.

(കടപ്പാട്: മാതൃഭൂമി)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!