മറുനാടന് പൂട്ട് വീഴുമോ? ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ചരിത്രത്തിലെ ഏറ്റവും വലിയ പതിസന്ധിയിലെന്ന് ഷാജന്‍ സ്കറിയ. പി.വി അന്‍വര്‍ പണി കൊടുത്തതോ?

‘മറുനാടൻ മലയാളി’ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്ന് ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജൻ സ്കറിയ. ഒരുപക്ഷെ ഇല്ലാതായാൽ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫിസിൽനിന്ന് ഷാജൻ സ്കറിയയെ താഴെയിറക്കുമെന്നും ഓഫിസ് പൂട്ടിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി പി.വി അൻവർ എം.എൽ.എ രംഗത്തുവന്നിരുന്നു. വ്യാജരേഖ ചമച്ച് നേടിയ രജിസ്ട്രേഷൻ റദ്ദാക്കിക്കുമെന്നും വ്യാജരേഖാ നിർമാണ കേസിൽ വീട്ടിലിരിക്കുന്നവരെയുൾപ്പെടെ നിയമപ്രകാരം തന്നെ പ്രതികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. തടുക്കാനൊക്കുമെങ്കിൽ തടുത്ത്‌ കാണിക്കെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുനാടൻ പേജുകൾ അപ്രത്യക്ഷമായിരിക്കുന്നത്.

 

പേജ് അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് ഷാജന്‍ സ്കറിയ പറയുന്നതു ഇങ്ങിനെ: ‘മറുനാടന്റെ ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ആരോ ഹാക്ക് ​ചെയ്തു. മറുനാടൻ ടി.വി എന്ന് പരിശോധിച്ചാൽ ഇപ്പോൾ കിട്ടുകയില്ല. ഒരു മില്യണോടടുത്ത് ഫോളോവേഴ്സുള്ള ടി.വി പേജാണ് അപ്രത്യക്ഷമായിരിക്കുന്നത്. യു ട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മറുനാടനെ പൂട്ടിക്കെട്ടുമെന്ന് വെല്ലുവിളിച്ച അൻവറായിരിക്കും ഇതിന് പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. അൻവറിനെ മുന്നിൽ നിർത്തി ഈ നാട്ടിലെ ഛിദ്ര ശക്തികൾ ഞങ്ങൾക്കെതിരെ ഒരുമിക്കുന്നതാണ്. മൂന്ന് കൂട്ടരാണ് ഞങ്ങളെ പൂട്ടിക്കെട്ടാൻ കോടിക്കണക്കിന് രൂപ മുടക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്ന് പിണറായിസ്റ്റുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന അടിമകൾ, രണ്ട് ഇസ്‍ലാമിസ്റ്റുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന രാജ്യവിരുദ്ധർ, മൂന്ന് എല്ലാവരാലും സ്തുതിഗീതങ്ങൾ മാത്രം കേട്ട് തഴമ്പിച്ച തട്ടിപ്പും വെട്ടിപ്പും നടത്തി നാട്ടുകാരെ പറ്റിച്ചു കഴിയുന്ന കളങ്കിതരായ വൻകിട ബിസിനസ് ഭീമന്മാർ… ഈ മൂന്നു കൂട്ടരും ഒരുമിക്കുമ്പോൾ ഇവർക്ക് പണത്തിന് കുറവില്ല, അധികാരത്തിന് കുറവില്ല, സ്വാധീനത്തിന് കുറവില്ല. ഇവരോടാണ് ഞങ്ങൾ ​പോരാടി പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. ഞങ്ങളെ അവിടെനിന്ന് കരകയറ്റാൻ പ്രേക്ഷകർക്ക് മാത്രമേ കഴിയൂ. അതിനാൽ പുതുതായി തുടങ്ങിയ പേജ് ലൈക് ചെയ്യണം’, സാജൻ അഭ്യർഥിച്ചു.

 

‘എന്നെ തെരുവിലിട്ട് തല്ലുക എന്നതാണ് ഇപ്പോൾ ഇവരുടെ പ്രധാന അജണ്ട. അതിനുള്ള അന്തരീക്ഷം അവർ ഭംഗിയായി ഒരുക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കുക എന്നതാണ് മറ്റൊരു രീതി. പരാതി കിട്ടിയിട്ടുണ്ടെന്നും ഹാജരാവണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിൽനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു. മറുനാടനെതിരെ രാജ്യത്തെമ്പാടും കേസ് ​കൊടുക്കാൻ പ്രോത്സാഹനം നൽകുന്നു. തിരുവനന്തപുരം കോർപറേഷനെ ഉപയോഗിച്ചും ഞങ്ങൾക്കെതിരെ നടപടിയെടുക്കാൻ നീക്കം നടക്കുന്നു. എന്റെ തൊഴിലുമായി ഒരു ബന്ധവും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഭാര്യക്കെതിരെ പോലും നിരന്തരം വ്യാജ പരാതികൾ നൽകാൻ ചിലർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മടുത്ത് സർക്കാർ ഉദ്യോഗം അവസാനിപ്പിച്ചാലോ എന്ന ചിന്തയിലാണ് അവർ. തന്നെ പിന്തുണക്കുന്നവരുടെയും ജീവിതം പ്രതിസന്ധിയിലാവുന്നു. ഞാൻ മുസ്‍ലിം വിരുദ്ധനാണെന്നും വ്യാജവാർത്തക്കാരനാണെന്നും ഉള്ള ഒരു കളം ഒരുക്കിയിരിക്കുകയാണവർ. അതു​കൊണ്ട് എന്നെ പിന്തുണക്കാൻ പലരും ഭയക്കുന്നു. ബി.ആർ.എം ഷഫീറും രമ്യ ഹരിദാസും ശോഭ സുരേന്ദ്രനും മുരളി തുമ്മാരുകുടിയും ജോയ് മാത്യു​വുമെല്ലാം ഇപ്പോൾ പീഡനമേറ്റുവാങ്ങുന്ന കാഴ്ചയാണ്’, ഷാജൻ സ്കറിയ വിഡിയോയിൽ പറഞ്ഞു.

 

അതേസമയം ‘മറുനാടൻ മലയാളി’ യൂട്യൂബ്‌ ചാനൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌ വ്യാജരേഖ ഉപയോഗിച്ച്‌ ആണെന്ന് പി വി അൻവർ ആരോപിച്ചിരുന്നു.  വിവരാവകാശ നിയമപ്രകാരമുള്ള രേഖ സഹിതമാണ്‌ അൻവറിന്റെ ആരോപണം.

വ്യാജമായി സൃഷ്‌ടിച്ച ഫോൺ ബില്ലാണ്‌ കമ്പനി രാജിസ്‌റ്റർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ ബിഎസ്‌എൻഎൽ തന്നെ നൽകിയ മറുപടിയിൽ പറയുന്നു. സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച്‌ അത്‌ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത്‌ ബിഎസ്‌എൻഎല്ലിന്‌ നിയമനടപടി സ്വീകരിക്കാവുന്ന വിഷയമാണെന്നും അൻവർ ഫേസ്ബുക്കില്‍ പറയുന്നു.

ഷാജൻ സ്‌കറിയയെ ഓഫീസിൽനിന്ന്‌ താഴെ ഇറക്കുമെന്നും, പൂട്ടിക്കുമെന്ന്‌ പറഞ്ഞാൽ പൂട്ടിക്കുമെന്നും അൻവർ ഇന്നലെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഇട്ടിരുന്നു. കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യിപ്പിച്ചിരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.

അൻവറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ആദ്യത്തെ ചിത്രത്തിലുള്ളത്‌ ബി.എസ്‌.എൻ.എല്ലിന്റെ ഒരു ബില്ല് കോപ്പിയാണ്.മറുനാടൻ മലയാളിയുടെ ഉടമസ്ഥവകാശം കൈയ്യാളുന്ന Tidings Digital Publications Private Limited എന്ന കമ്പനിയുടെ ഡയറക്‌ട‌റായ ഒരാളുടെ പേരിലാണ് ബില്ല്. കമ്പനി രജിസ്റ്റർ ചെയ്യാനായി,അഡ്രസ്സ്‌ പ്രൂഫായി ടി കമ്പനി ഉടമകൾ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിരുക്കുന്നത്‌ ഈ ബി.എസ്‌.എൻ.എൽ ഫോൺ ബില്ലാണ്.

 

 

ബിൽ നമ്പർ:SDCKL0011832807 ഈ ബില്ലിന്റെ കോപ്പി വച്ച്‌ ഒരു സുഹൃത്ത്‌,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച്‌ BSNL പ്രിൻസിപ്പൽ ജനറൽ മാനേജർക്ക്‌(തിരുവനന്തപുരം) ഒരു RTI അപേക്ഷ നൽകിയിരുന്നു.ആദ്യത്തെ ചിത്രത്തിലുള്ള ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പിയും ഒപ്പം ചേർത്തിരുന്നു.അതിന്റെ ആധികാരികത സംബന്ധിച്ചും അപേക്ഷയിൽ ചോദ്യം ചോദിച്ചിരുന്നു.
മറുപടി കിട്ടിയിട്ടുണ്ട്‌.

 

 

മൂന്നാമത്തെ ഉത്തരം ശ്രദ്ധിക്കുക.

Ext.A1,അതായത്‌,മുകളിൽ കൊടുത്തിരിക്കുന്ന ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പി Forged Document ആണെന്ന് കൃത്യമായി മറുപടി കിട്ടിയിരിക്കുന്നു. പോരേ ഷാജൻ സാറേ.. ഒരു സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖ നിർമ്മിക്കുക.അത്‌ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുക.ചെറിയ പരിപാടിയല്ലല്ലൊ ഇതൊന്നും.തങ്ങളുടെ പേരിൽ,വ്യാജരേഖ ചമച്ചതിന് ബി.എസ്‌.എൻ.എല്ലിന്  നിയമനടപടികൾ സ്വീകരിക്കാം.വ്യാജ രേഖ സമർപ്പിച്ചതിന്റെ പേരിൽ രജിസ്ട്രാർ ഓഫ്‌ കമ്പനീസിന് നിയമനടപടികൾ സ്വീകരിക്കാം.

ബിഎസ്‌എൻഎൽ ബില്ല് സമർപ്പിച്ച അപേക്ഷക ആണ് ഈ Forged Document-ന്റെ ഒന്നാമത്തെ ഉത്തരവാദി.പിന്നാലെ ബാക്കിയുള്ള കമ്പനി ഡയറക്ടേഴ്‌സും. അതിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം ഒക്കെ ഉണ്ടെങ്കിൽ, സംഗതിയുടെ ഗൗരവവും കൂടും.
കമ്പനിയുടെ രൂപീകരണത്തിൽ പോലും അടിമുടി വ്യാജൻ തിരുകി കയറ്റിയവനൊക്കെയാണ് വന്നിരുന്ന് വലിയ ക്ലാസ്‌ വിടുന്നത്‌.
ഒന്ന് ഇത്‌ വച്ചോ..ഇടയ്ക്കിടേ ചോദിക്കണം.അപ്പോ ബാക്കി തരാം.

തിരക്ക്‌ പിടിക്കാതെ.. ഇത്തിരി പണി കൂടിയുണ്ട്‌.. കൃത്യമായി ഡേറ്റൊക്കെ അറിയിക്കാമെന്നേ.. ചോദിച്ചാൽ വാരി കോരി തന്നെ തരുന്നത്‌ പണ്ടേയുള്ള ശീലമാണ്..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!