യുദ്ധത്തിന് ഒത്താശ ചെയ്ത് അമേരിക്ക; ഇസ്രയേലിന് അടിയന്തിരമായി ആയുധം നൽകാൻ യുഎസ് അനുമതി

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന് അടിയന്തരമായി ആയുധങ്ങൾ വിൽക്കാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ അനുമതി. 15.18 കോടി ഡോളർ (ഏകദേശം 1,270 കോടി രൂപ) വിലമതിക്കുന്ന 12,000 ബോംബ് കെയ്‌സിംഗുകൾ കൈമാറാനാണ് തീരുമാനം.

സാധാരണഗതിയിൽ ആയുധ വിൽപനയ്ക്ക് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണെങ്കിലും, നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇതിന് അനുമതി നൽകിയത്.

ആയുധങ്ങൾക്ക് പുറമെ ലോജിസ്റ്റിക്സ്, സാങ്കേതിക സഹായം എന്നിവയും വിൽപനയുടെ ഭാഗമായി അമേരിക്ക നൽകും. ട്രംപിന്റെ യുദ്ധക്കൊതിക്കും സാമ്രാജ്യത്വനീക്കങ്ങൾക്കുമെതിരെ കോൺഗ്രസിൽ തന്നെ സെനറ്റർമാർ വലിയ വിമർശനങ്ങളാണ് ഉയർത്തിയത്.

പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്ക് പുറമെ സ്വതന്ത്ര സെനറ്റർമാരും ട്രംപിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇറാൻ അമേരിക്കയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന ട്രംപിന്റെ വാദത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് സെനറ്റർമാർ പറഞ്ഞിരുന്നു.

യാതൊരു കൂടിയാലോചനകളുമില്ലാതെ നടത്തുന്ന ഈ ഏകപക്ഷീയ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇതോടെ വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Share
error: Content is protected !!