ഞണ്ടുകറി കഴിച്ചതിനെത്തുടർന്നുണ്ടായ അലർജി: യുവാവിന് ദാരുണാന്ത്യം
കൊച്ചിയിൽ ഞണ്ടുകറി കഴിച്ചതിനെത്തുടർന്നുണ്ടായ അലർജിയിൽ യുവാവിന് ദാരുണാന്ത്യം. പനങ്ങാട് ചേപ്പനം സ്വദേശി എൽജിൻ ജൂഡാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം.
അലര്‍ജി ഉണ്ടാക്കുമെന്ന് അറിഞ്ഞിട്ടും അത് അവഗണിച്ച് എൽജിൻ വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ചിരുന്നു. എന്നാൽ കിടക്കാൻ നേരം കഠിനമായ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട എൽജിനെ ഉടൻതന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ നിന്നുള്ള അലർജിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുന്‍പും ഇത്തരത്തില്‍ ഞണ്ട് കറി കഴിച്ച് അലര്‍ജി ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഏറെ നാളുകള്‍ക്ക് ശേഷമാണ് പിന്നീട് യുവാവ് വീണ്ടും ഇത് കഴിക്കുന്നത്. വീണ്ടും കഴിച്ചതോടെ ശരീരം തീവ്രമായി പ്രതികരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടന്നു. പരേതനായ ജൂഡിന്റെയും അന്ന ജൂഡിന്റെയും മകനാണ്. ഭാര്യ: നിമ്മി, മകൾ: സെറാ.
ചില ഭക്ഷണങ്ങള്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. അവയെ തിരിച്ചത് അകറ്റി നിര്‍ത്തുകയാണ് വേണ്ടത്. ഷെല്‍ ഫിഷ് അലര്‍ജി ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. വളരെ ഗുരുതരമായ റിയാക്ഷന്‍ വരെ ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. എപ്പോഴെങ്കിലും ഇപ്പറഞ്ഞവ കഴിക്കുമ്പോള്‍ നേരിയ തോതില്‍ വയറുവേദനയോ വയറിന് അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ കഴിവതും അവ പിന്നീട് കഴിക്കാതിരിക്കുക.


