യുദ്ധഭീതി; ഹണിമൂൺ യാത്രയ്ക്കിടെ നവദമ്പതികൾ ‘വേർപിരിഞ്ഞു’

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വ്യോമഗതാഗതം സ്തംഭിച്ചതോടെ ദുരിതത്തിലായി ദശലക്ഷക്കണക്കിന് യാത്രക്കാര്‍. ഈ യുദ്ധപ്രതിസന്ധിക്കിടയിൽ ചൈനയിൽ നിന്നുള്ള ഒരു നവദമ്പതികൾക്ക് തങ്ങളുടെ ഹണിമൂൺ യാത്രയ്ക്കിടെ വേർപിരിയേണ്ടി വന്ന വാർത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള യു, ഷെങ് എന്നിവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

തങ്ങളുടെ ഹണിമൂണ്‍ യാത്രയുടെ അവസാന പാദത്തിൽ ദോഹയിൽ നിന്ന് സിഡ്‌നിയിലേക്ക് പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ വിമാനത്തിൽ സീറ്റുകൾ ഒരേ ദിവസം ലഭിക്കാത്തതിനാൽ ഫെബ്രുവരി 28-ന് ഭാര്യ ഷെങ് യാത്ര തിരിച്ചു. തൊട്ടുപിന്നാലെ മേഖലയിൽ വ്യോമാക്രമണങ്ങൾ ആരംഭിക്കുകയും വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതോടെ ഭർത്താവ് യു ദോഹയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു വിമാനത്തിൽ പോകാൻ 35,000 യുവാൻ (ഏകദേശം 4 ലക്ഷത്തിലധികം രൂപ) അധികമായി നൽകേണ്ടി വരുമെന്നതിനാൽ മാർച്ച് 13-ലേക്ക് അദ്ദേഹം യാത്ര മാറ്റി വെച്ചു.

ദോഹയിലെ ഹോട്ടലിൽ കഴിയുന്ന യു, തന്റെ തൊട്ടുമുകളിൽ ആകാശത്ത് മിസൈലുകൾ പായുന്നതും പൊട്ടിത്തെറിക്കുന്നതും നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ്. ‘യുദ്ധം ഇത്രയും അടുത്തെത്തുമെന്ന് കരുതിയില്ല’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്ന് 3,000-ത്തിലധികം പൗരന്മാരെ ചൈന ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും യാത്രക്കാർക്ക് റീഫണ്ട് പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Share
error: Content is protected !!