ദുബായ് വിമാനത്താവളം തുറന്നു; സർ‌വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സും ഇത്തിഹാദും എയർ ഇന്ത്യയും

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനക്കമ്പനികളിൽനിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര ഉറപ്പാക്കുകയും ചെയ്തവരല്ലാതെ മറ്റാരും വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

ഇന്ന് വൈകുന്നേരം മുതൽ ചില വിമാന സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. നേരത്തെ ബുക്കു ചെയ്ത യാത്രക്കാർക്കാണ് മുൻഗണന. യാത്ര ചെയ്യാൻ റീബുക്ക് ചെയ്തവരെ എമിറേറ്റ്‌സ് നേരിട്ട് ബന്ധപ്പെടും. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് കമ്പനി അഭ്യർഥിച്ചു.

മറ്റെല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുകയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് വിമാന ഷെഡ്യൂളുകൾ തയാറാക്കുമെന്നും കമ്പനി അറിയിച്ചു.

ഇത്തിഹാദ് എയർവേയ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു. യുദ്ധം തുടങ്ങിയത് മുതൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനാണിത്. ഫ്ലൈദുബായ് ചില സർവീസുകൾ ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് വെബ്സൈറ്റ് പരിശോധിക്കണമെന്ന് കമ്പനി യാത്രക്കാരോട് അഭ്യർഥിച്ചു.

നാളെ മുതൽ മസ്‌കത്തിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. മസ്‌കത്തിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പ്രാദേശിക സമയം 10:25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി www.airindiaexpress.com സന്ദർശിക്കണം.

യാത്ര മാറ്റിവയ്ക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനും ഫീസുകളിൽ ഇളവ് ലഭിക്കുന്നതിനായി യാത്രക്കാർക്ക് ഈ ലിങ്ക് ഉപയോഗിക്കാം: https://www.airindiaexpress.com/manage-booking. വാട്സാപ്പിൽ ബന്ധപ്പെടേണ്ട നമ്പർ– (+91 63600 12345). ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നാളെ അർധരാത്രിവരെ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

Share
error: Content is protected !!