ഇറാൻ സ്കൂളിലെ ആക്രമണം: പൊലിഞ്ഞത് 180 കുരുന്നുകൾ
വാഷിങ്ടൻ: മിനാബിലെ പെൺകുട്ടികളുടെ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 180 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ അറിയിച്ചു. മണിക്കൂറുകൾക്കു മുൻപ് ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ ആക്രമണം നടത്താനും സ്കൂളിൽ ഉപയോഗിച്ച അതേ തരം മിസൈലുകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കും’’ – ബ്രിട്ടിഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. “അവർക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങൾ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല’’ – ട്രംപ് പറഞ്ഞു.
ലെബനീസ് മണ്ണിൽ നിന്ന് ഇസ്രായേലിന് നേരെ ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങൾ മേഖലയിൽ നടക്കുന്ന അപകടകരമായ സൈനിക ഏറ്റുമുട്ടലുകളിൽ നിന്ന് ലെബനനെ അകറ്റി നിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. ലെബനനെതിരെയുള്ള ഇസ്രയേൽ അധിനിവേശത്തെയും അദ്ദേഹം അപലപിച്ചു.


